മഞ്ഞുമൂടിക്കിടന്ന ശൈത്യകാലം കഴിഞ്ഞു , ഇനി വസന്തത്തിന്റെ വരവാണ്. വസന്തകാലത്തിന്റെ വരവ് വിളംബരം ചെയ്ത് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് കശ്മീർ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ ആയ ശ്രീനഗർ ടുലിപ് ഗാർഡൻ സഞ്ചാരികൾക്കായി തുറന്നു. കശ്മീരിന്റെ വിനോദസഞ്ചാര മേഖലയിൽ ഏറ്റവും ഊർജ്ജസ്വലമായ സമയമാണ് വസന്തകാലം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഈ സമയം കശ്മീരിലേക്ക് എത്തുന്നത്.
നവയുഗ കശ്മീരിലേക്ക് ഇപ്പോൾ ഓരോ വർഷം തോറും സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ വർഷത്തെ വസന്തകാലത്തെ അതിശയിപ്പിക്കുന്ന പുഷ്പോത്സവമാക്കി മാറ്റാൻ 17 ലക്ഷം ടുലിപ് ചെടികളാണ് ശ്രീനഗറിലെ ടുലിപ് ഗാർഡനിൽ ഒരുക്കിയിരിക്കുന്നത്. ദാൽ തടാകത്തിനും സബർവാൻ കുന്നുകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ടുലിപ് ഗാർഡൻ ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. 2007 ലാണ് ശ്രീനഗറിൽ ഈ ഉദ്യാനം നിർമ്മിക്കപ്പെടുന്നത്. മുഗൾ ഗാർഡനുകളായ ഷാലിമാർ ബാഗ്, നിഷാത് ബാഗ്, ചാഷ്മേ ഷാഹി എന്നിവയ്ക്ക് സമീപം തന്നെയാണ് ടുലിപ് ഗാർഡൻ സ്ഥിതിചെയ്യുന്നത്. സബർവാൻ കുന്നുകളുടെ അടിത്തട്ടിൽ ആറ് ടെറസുകളായാണ് ഈ ഉദ്യാനം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നെതർലാൻഡ്സിൽ നിന്നുമാണ് ശ്രീനഗറിലേക്കുള്ള ടുലിപ് ചെടികൾ കൊണ്ടുവന്നത്. ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉദ്യാനമായി ഇത് മാറിയിരിക്കുന്നു. മനോഹരമായ ദാൽ തടാകത്തിന്റെ ഒരു ലേക്ക് വ്യൂവും ടുലിപ് ഗാർഡനിൽ നിന്നുകൊണ്ട് ആസ്വദിക്കാനാവും. 2023ലാണ് ഏഷ്യയിലെ ഏറ്റവും വലിയ ഉദ്യാനമായി ടുലിപ് ഗാർഡൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്.
എല്ലാ വർഷവും വസന്തകാലത്തിന്റെ തുടക്കത്തോടെയാണ് കശ്മീരിൽ ട്യൂലിപ് സീസൺ ആരംഭിക്കുന്നത്. ഏകദേശം 40 ദിവസം നീണ്ടുനിൽക്കുന്ന ഈ പുഷ്പോത്സവം കശ്മീരിൽ ടുലിപ് ഫെസ്റ്റിവൽ എന്നാണ് അറിയപ്പെടുന്നത്. മാർച്ച് മൂന്നാം വാരത്തോടെ ആണ് കശ്മീരിൽ ടുലിപ് പൂക്കൾ വിരിയുന്നത്. ഏപ്രിൽ അവസാന ആഴ്ച വരെ നീണ്ടുനിൽക്കുന്നതാണ് ടുലിപ് സീസൺ. ഇതുവരെയുള്ള എല്ലാ വർഷങ്ങളെക്കാളും ഉപരി കൂടുതൽ പൂക്കൾ ആണ് 2025ൽ ശ്രീനഗറിലെ ടുലിപ് ഗാർഡനിൽ ഒരുക്കിയിരിക്കുന്നത്. 72 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് ഈ മനോഹരമായ ഉദ്യാനം. ടുലിപ് പൂക്കൾ കൂടാതെ മറ്റു വിവിധ ഇനങ്ങളിൽ പെട്ട ലക്ഷക്കണക്കിന് പൂക്കളും ഇവിടെ കാണാൻ കഴിയുന്നതാണ്. ഭംഗിയായും കൃത്യമായും പരിപാലിക്കപ്പെടുന്നതിനാൽ സഞ്ചാരികൾക്ക് മികച്ച ദൃശ്യവിരുന്നാണ് ശ്രീനഗറിലെ ടുലിപ് ഗാർഡൻ നൽകുന്നത്.
കശ്മീരിന്റെ ടൂറിസം കലണ്ടറിലെ ഏറ്റവും മികച്ച സീസൺ ആണ് വസന്തകാലത്ത് ടുലിപ് ഗാർഡൻ തുറക്കുന്ന സമയം. കഴിഞ്ഞവർഷം 30 ദിവസത്തിനുള്ളിൽ 4.45 ലക്ഷം സഞ്ചാരികളാണ് ഈ ഉദ്യാനം സന്ദർശിക്കാനായി എത്തിയിരുന്നത്. കശ്മീരിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ താങ്ങാകാൻ ഈ ഉദ്യാനത്തിനും ഇവിടെയെത്തുന്ന സഞ്ചാരികൾക്കും കഴിയുന്നുണ്ട്. കശ്മീരി ഷാളുകൾ വിൽക്കുന്ന കരകൗശല വിൽപ്പനക്കാർ മുതൽ പരമ്പരാഗത ഭക്ഷണശാലകൾ വരെയുള്ള പ്രാദേശിക കച്ചവടക്കാർക്ക് ഏറ്റവും വരുമാനം ലഭിക്കുന്ന സീസൺ കൂടിയാണ് ടുലിപ് ഗാർഡൻ തുറക്കുന്ന വസന്തകാലം. ഈ വർഷം കൂടുതൽ പൂക്കളും ഭംഗിയുള്ള ജലധാരകളും പുൽമേടുകളും മറ്റും ഒരുക്കിക്കൊണ്ട് കൂടുതൽ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് ശ്രീനഗർ ടുലിപ് ഗാർഡൻ.
Discussion about this post