ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി അധികാരത്തിൽ എത്തിയതിനെ തുടർന്ന് കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. കുടിയേറ്റ നിരോധനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുഎസ് സർക്കാർ പിന്തുടരുന്ന നയങ്ങളുടെ ഭാഗമായി 43 വിദേശ രാജ്യങ്ങൾക്ക് യുഎസ്സിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ അമേരിക്കൻ സർക്കാർ. പുതിയ തീരുമാനത്തിന്റെ ആദ്യഘട്ടത്തിൽ 10 രാജ്യങ്ങൾക്ക് സമ്പൂർണ്ണ വിസ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ് സമ്പൂർണ്ണ വിസ നിരോധനം ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉള്ളത്.
43 ഓളം രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് യാത്രാ നിരോധനം ഏർപ്പെടുത്താൻ യുഎസ് സർക്കാർ ഒരുങ്ങുന്നത്. ഇതിൽ ആദ്യ വിഭാഗം ആണ് റെഡ് ലിസ്റ്റ് ആയി അറിയപ്പെടുന്നത്. 10 രാജ്യങ്ങളാണ് യുഎസിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവയിൽ 7 രാജ്യങ്ങൾ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണ് എന്നുള്ളതും ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥാൻ, ഇറാൻ, യെമൻ, ലിബിയ, സിറിയ, സുഡാൻ, വെനിസ്വേല, സൊമാലിയ, ഉത്തര കൊറിയ, ക്യൂബ എന്നീ രാജ്യങ്ങൾക്കാണ് യുഎസ് സർക്കാർ സമ്പൂർണ്ണ വിസ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
ദേശീയ സുരക്ഷാ ഭീഷണികൾ നേരിടുന്നതിനായി യുഎസിലേക്ക് പ്രവേശനം തേടുന്ന ഏതൊരു വിദേശിയുടെയും സുരക്ഷാ പരിശോധന ശക്തമാക്കണമെന്ന് ജനുവരി 20 ന് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നടപടിയുടെ ഭാഗമായാണ് യുഎസ് പുതിയ യാത്രാ വിലക്കുകൾ പ്രഖ്യാപിക്കുന്നത്. യാത്രാ വിലക്ക് നേരിടുന്ന രണ്ടാമത്തെ വിഭാഗം രാജ്യങ്ങൾ ഓറഞ്ച് ലിസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഓറഞ്ച് ലിസ്റ്റിലാണ് ഉൾപ്പെടുന്നത്. ഈ രാജ്യങ്ങളിലുള്ള സമ്പന്നരായ ബിസിനസ് യാത്രക്കാർക്ക് മാത്രമായിരിക്കും ഇനി യുഎസിലേക്ക് പ്രവേശിക്കാൻ ആവുക. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ടൂറിസ്റ്റ് വിസയിൽ പോലും അമേരിക്കയിലേക്ക് എത്താൻ ആവില്ല. പാകിസ്താൻ, റഷ്യ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ, തുർക്ക്മെനിസ്ഥാൻ, ബെലാറസ്, എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ എന്നീ രാജ്യങ്ങളാണ് ഓറഞ്ച് ലിസ്റ്റിൽ ഉള്ളത്.
മൂന്നാമത്തെ വിഭാഗമായ യെല്ലോ ലിസ്റ്റിൽ 23 ഓളം രാജ്യങ്ങളെ ഉൾപ്പെടുത്താനാണ് അമേരിക്ക തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ഈ നടപടിക്ക് 60 ദിവസത്തെ സമയം യുഎസ് സർക്കാർ നൽകിയിട്ടുണ്ട്. ഏതാനും മാർഗനിർദേശങ്ങൾ കൂടി ഇതിൽ കൂടുതലായി ഉൾപ്പെടുത്താനും അമേരിക്ക ആലോചിക്കുന്നു. അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, ബുർക്കിന ഫാസോ, കംബോഡിയ, ഭൂട്ടാൻ, കാമറൂൺ, കേപ് വെർഡെ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയൽ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മാലി, മൗറിറ്റാനിയ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, വാനുവാട്ടു, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് യെല്ലോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണി കണക്കിലെടുത്താണ് ഈ രാജ്യങ്ങൾക്കെതിരായ നടപടികൾ എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. നിലവിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള ഈ മൂന്ന് വിഭാഗങ്ങളുടെയും പട്ടിക വൈകാതെ തന്നെ യുഎസ് ക്യാബിനറ്റ് അംഗീകരിച്ച ശേഷം നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post