ഞാൻ യുഎസ് ഉപേക്ഷിക്കുന്നു….മാസ് ഡയലോഗുമായി ട്രോളിബാഗും പിടിച്ച് നടന്നുനീങ്ങുന്ന ഇന്ത്യൻ ഗവേഷക വിദ്യാർത്ഥിയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം റീലുകൾ ഭരിക്കുന്നത്. കാര്യമറിയാതെ ബിജിഎമ്മുകൾ കുത്തിക്കയറ്റി വൻ പിന്തുണയാണ് പെൺകുട്ടിക്ക് പലരും നൽകുന്നത് ? സത്യത്തിൽ ആരാണീ വിദ്യാർത്ഥി. എന്താണവൾ ചെയ്ത മഹാകാര്യം ?
യുഎസിലെ കൊളംബിയ സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയും ഇന്ത്യക്കാരിയുമായ രഞ്ജനി ശ്രീനിവാസനാണ് യുഎസിൽ നിന്ന് പുറത്താക്കപ്പെട്ടത് . ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ചതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് അഞ്ചിന് വിദ്യാർത്ഥിക്കുള്ള വിസ അമേരിക്ക റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ നടപടികൾ സ്വയം പൂർത്തിയാക്കി രഞ്ജനി നാടുവിടുകയായിരുന്നു.
ഹമാസിനെ പിന്തുണച്ചതും അക്രമത്തെ അനുകൂലിച്ചതുമാണ് നടപടിയ്ക്ക് കാരണമായത്. യുഎസ് വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ രഞ്ജനി ഭാഗമായെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ. ഹമാസിനെ പിന്തുണച്ചതിലൂടെ രഞ്ജനി അക്രമത്തെയും ഭീകരവാദത്തെയും പിന്തുണയ്ക്കുന്നുവെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.
സുരക്ഷാ ആശങ്കയെ തുടർന്നാണ് രഞ്ജനിയുടെ വിസ റദ്ദാക്കുന്നതെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് വിശദീകരിക്കുന്നു .രഞ്ജനി യുഎസ് വിടുന്ന ദൃശ്യങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. യുഎസിൽ ജീവിക്കുന്നതും പഠിക്കുന്നതും ഒരു പ്രത്യേക ആനുകൂല്യമാണെന്നും ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർക്ക് അത് നൽകാൻ കഴിയില്ലെന്നും ക്രിസ്റ്റി നോം കുറിച്ചു.
യുഎസിൽ ഹമാസ് അനുകൂല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ വിദ്യാർഥികളെ നാടുകടത്തുന്നതിന്റെ ഭാഗം കൂടിയാണ് രഞ്ജനിയുടെ വിസ റദ്ദാക്കൽ. മാർച്ച് അഞ്ചിനാണ് നടപടി സ്വീകരിച്ചത്.അമേരിക്ക നീക്കം തുടങ്ങും മുൻപ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഏജൻസിയുടെ ആപ്പ് ഉപയോഗിച്ച് നടപടികൾ സ്വയം പൂർത്തിയാക്കിയ രഞ്ജനി 11ന് നാടുവിടുകയായിരുന്നു. അതായത് വിസ റദ്ദാക്കിയതിനെ തുടർന്ന് ഗത്യന്തരമില്ലാതെ നാടുവിട്ടതിനെയാണ് കൊലമാസായി ചിത്രീകരിക്കുന്നത്.
കൊളംബിയ സർവകലാശാലയുടെ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ആർക്കിടെക്ചർ പ്ലാനിങ് ആന്റ് പ്രിസർവേഷനിൽ അർബൻ പ്ലാനിങ്ങിൽ ഗവേഷക വിദ്യാർഥിയായിരുന്നു രഞ്ജനി ശ്രീനിവാസൻ. വിദേശ വിദ്യാർഥികൾക്ക് അനുവദിക്കുന്ന എഫ് 1 വിസയിലാണ് രഞ്ജനി അമേരിക്കയിൽ എത്തിയത്
Discussion about this post