ലക്‌നൗ: ഹോളി ആഘോഷത്തിനിടെ പൊതുസ്ഥലത്ത് നമാസ് നടത്തിയവർക്കെതിരെ കേസ് എടുത്ത് പോലീസ്. മീററ്റിലെ സ്വകാര്യ സർവ്വകലാശാലയിലെ ഐഐഎംടി സർവ്വകലാശാലയിലാണ് സംഭവം. പരസ്യമായി നമാസ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഹോളി ആഘോഷത്തിന്റെ ഭാഗമായി ക്യാമ്പസിൽ വിപുലമായ പരിപാടികൾ ആയിരുന്നു സംഘടിപ്പിച്ചിരുന്നത്. ഇതിനിടെ ഉച്ചസമയത്ത് വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് നമാസ് നടത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഖാലിദ് പഠാൻ എന്ന വിദ്യാർത്ഥി പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇത് വൈറലായതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ സർവ്വകലാശാല ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 299, ഐടി ആക്ട് എന്നിവ പ്രകാരം ആണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ കോളേജ് അധികൃതരുടെ ആവശ്യപ്രകാരം ഖാലിദിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ മനപ്പൂർവ്വം പ്രചരിപ്പിച്ച് വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ചുവെന്നാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം.
Discussion about this post