മുംബൈ: ആകർഷകമായ പ്ലാനുകൾ കൊണ്ട് ഉപഭോക്താക്കളുടെ പ്രിയപ്പെട്ടതായി മാറിയ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ അനുവദിക്കുന്ന റീചാർജ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. ഇത് ബിഎസ്എൻഎല്ലിനോടുള്ള പ്രിയം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് നിരവധി റീചാർജ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.
അടുത്തിടെ ജിയോ ഉൾപ്പെടെയുള്ള മൊബൈൽ കമ്പനികൾ താരിഫുകൾ ഉയർത്തിയിരുന്നു. എന്നാൽ ബിഎസ്എൻഎൽ മാത്രം താരിഫിൽ മാറ്റം വരുത്തിയില്ല. ഇതോടെ ആളുകൾ വ്യാപകമായി ബിഎസ്എൻഎല്ലിലേക്ക് മാറുകയായിരുന്നു. ഇതിന് പിന്നാലെ കൊണ്ടുവന്ന ആകർഷകമായ ഓഫറുകൾ ടെലികോം കമ്പനിയെ കൂടുതൽ പ്രിയപ്പെട്ടതാക്കി. ഇപ്പോഴിതാ മറ്റൊരു ആകർഷകമായ പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ.
മൊബൈൽ ഉപഭോക്താക്കൾക്ക് ആറ് മാസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ബിഎസ്എൻഎൽ പുതുതായി കൊണ്ടുവന്നിരിക്കുന്നത്. ഇതിനൊപ്പം സൗജന്യ കോൾ, പ്രതിദിന ഡാറ്റ, എസ്എംഎസ് എന്നിവയും ലഭ്യമാക്കുന്നുണ്ട്. ഉപഭോക്താക്കൾക്കായി ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്ലാനുകൾ ഒരുക്കുന്നതിന്റെ ഭാഗമാണ് പുതിയ പ്ലാൻ.
750 രൂപയാണ് ആറ് മാസ വാലിഡിറ്റിയുള്ള പ്ലാനിന് വേണ്ടി ഉപഭോക്താക്കൾ നൽകേണ്ടത്. ഈ പ്ലാനിന്റെ ഉപയോക്താക്കൾക്ക് ആറ് മാസക്കാലത്തേയ്ക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ആസ്വദിക്കാം. ഓരോ മാസം കഴിയുന്തോറും റീചാർജ് ചെയ്യണമെന്ന പ്രശ്‌നത്തിനുള്ള പരിഹാരം കൂടിയാണ് ഈ പ്ലാൻ.
750 രൂപയ്ക്ക് റീചാർജ് ചെയ്താൽ 180 ജി.ബി ഹൈ സ്പീഡ് ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കും. പ്രതിദിനം 1 ജിബി ഡാറ്റ വീതം ആകും ലഭിക്കുക. ഇനി പരിധി തീർന്നാലും ഇന്റർനെറ്റ് ലഭിക്കും. 40 കെബിപിഎസ് വേഗതയിലാകും ഇന്റർനെറ്റ് ലഭിക്കുക. അതേസമയം പുതിയ റീചാർജ് പ്ലാൻ ജിയോ ഉൾപ്പെടെയുള്ള മൊബൈൽ കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ജിയോ, വോഡഫോൺ, എയർടെൽ എന്നീ ഉപഭോക്താക്കൾ രണ്ട് മാസത്തെ റീചാർജിന് തന്നെ 700 ലധികം രൂപ നൽകണം. ഈ സ്ഥാനത്താണ് 750 രൂപയ്ക്ക് ആറ് മാസം നീണ്ടു നിൽക്കുന്ന സേവനം ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
Discussion about this post