ഹിജാബ് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി ഇറാനിൽ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി യുഎൻ റിപ്പോർട്ട്. ഇത് കൂടാതെ മുഖം തിരിച്ചറിയാനുള്ള ആപ്പ് ഉൾപ്പെടെ നീതന സാങ്കേതിക വിദ്യയാണ് നിയമം ലംഘിക്കുന്നവരെ പിടികൂടാനായി ഒരുക്കിയിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ സുരക്ഷയ്‌ക്കോ മറ്റ് ക്രമീകരണങ്ങൾക്കോ അല്ല നഗരങ്ങളിലൂടെ ഡ്രോണുകൾ റോന്ത് ചുറ്റുന്നതെന്നും കർശനമായ വസ്ത്രധാരണ നിയമങ്ങൾ പാലിക്കാത്ത സ്ത്രീകളെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനുമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട്, എതിർപ്പുകൾ അടിച്ചമർത്താൻ ഇറാൻ എങ്ങനെയാണ് കൃത്രിമബുദ്ധിയുടെ ഉപയോഗം വർദ്ധിപ്പിച്ചതെന്ന് യുഎൻ റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ റിപ്പോർട്ട് ചെയ്യാൻ പോലീസിനെയും സാധാരണക്കാരെയും പ്രാപ്തരാക്കുന്ന ‘നസർ’ മൊബൈൽ ആപ്ലിക്കേഷനാണ് ഈ ശ്രമത്തിന്റെ ഒരു പ്രധാന ഘടകം. വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് നമ്പർ, സ്ഥലം, നിയമലംഘന സമയം എന്നിവ സമർപ്പിക്കാൻ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു, അതിനുശേഷം അധികാരികളെ അറിയിക്കും. തുടർന്ന് ആപ്പ് വാഹനത്തെ ഒരു ഓൺലൈൻ സിസ്റ്റത്തിൽ ഫ്‌ലാഗ് ചെയ്യുകയും പോലീസിനെ അറിയിക്കുകയും വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമയ്ക്ക് ഒരു ഓട്ടോമാറ്റിക് ടെക്സ്റ്റ് സന്ദേശം അയയ്ക്കുകയും ലംഘനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ വാഹനം കണ്ടുകെട്ടുന്നതിലേക്ക് നയിച്ചേക്കാമെന്നും സന്ദേശത്തിൽ പറയുന്നു.
ആപ്പിന് പുറമേ, ഹിജാബ് നിയമം പാലിക്കുന്നത് നിരീക്ഷിക്കുന്നതിനായി ഇറാൻ സർക്കാർ ടെഹ്റാനിലും തെക്കൻ പ്രദേശങ്ങളിലും ആകാശ ഡ്രോണുകൾ വിന്യസിക്കാൻ തുടങ്ങിയിട്ടുണ്ട്. വസ്ത്രധാരണരീതി പാലിക്കാത്ത വിദ്യാർത്ഥിനികളെ കണ്ടെത്തുന്നതിനായി 2024 ന്റെ തുടക്കത്തിൽ അമീർകബീർ സർവകലാശാലയുടെ പ്രവേശന കവാടത്തിൽ മുഖം തിരിച്ചറിയൽ സോഫ്റ്റ്വെയർ ഘടിപ്പിച്ച നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. ഇറാനിയൻ പോലീസ് വെബ്സൈറ്റ് വഴി ആപ്പ് ആക്സ്സ് ച്യൊൻ സാധിക്കും. 2024 സെപ്റ്റംബറിൽ ആപ്പിൻറെ പ്രവർത്തനം വിപുലീകരിച്ചതായി യുഎൻ റിപ്പോർട്ട് പറയുന്നു. ആംബുലൻസുകൾ, ടാക്‌സികൾ, പൊതുഗതാഗതം ഉപയോഗിക്കുന്ന സ്ത്രീകൾ എന്നിവരെ ലക്ഷ്യം വച്ചാണ് ആപ്പ് പതിവായി ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ഇറാനിലെ ഹിജാബ് നിയമങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ് യുഎൻ റിപ്പോർട്ട് പുറത്തുവരുന്നത്. 2022-ൽ സദാചാര പോലീസിന്റെ കസ്റ്റഡിയിൽ 22 കാരിയായ മഹ്സ അമിനി മരിച്ചതിനെത്തുടർന്ന് പ്രതിഷേധ പ്രകടനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു, തുടർന്നുണ്ടായ അടിച്ചമർത്തലിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി യുഎൻ കണക്കാക്കി.
Discussion about this post