ലണ്ടൻ : ഏതാനും ദിവസങ്ങളായി അയൽക്കാരിയെ പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് തേടിയെത്തിയ യുവതി കണ്ടത് നടുക്കുന്ന കാഴ്ചയാണ്. ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹം വളർത്തുനായ ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. അസാധാരണമായ രീതിയിലുള്ള നായയുടെ കുര കേട്ട് അയൽക്കാരി അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് വീട്ടുടമയുടെ മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾ പഴക്കമുള്ള മൃതശരീരത്തിന്റെ ചില ഭാഗങ്ങൾ നായ ഭക്ഷിക്കുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിലെ സ്വിൻഡൻ ഗ്രാമത്തിലാണ് ഈ നടുക്കുന്ന സംഭവം നടന്നത്. 43 വയസ്സുകാരിയായ ജെമ്മ ഹാർട്ട് ആണ് മരിച്ചത്. രണ്ട് വളർത്തു നായ്ക്കളോടൊപ്പം ആയിരുന്നു ജെമ്മ ഹാർട്ട് ഈ വീട്ടിൽ കഴിഞ്ഞു വന്നിരുന്നത്. ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കളിൽ ഒന്നിനെയും യുവതിയോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
അസാധാരണമായ രീതിയിൽ നായയുടെ നിർത്താതെയുള്ള കുര കേട്ട് ജെമ്മയുടെ അയൽക്കാരിയാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തി നടത്തിയ പരിശോധനയിൽ വീട് അകത്തുനിന്നും പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തി. തുടർന്ന് വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ജെമ്മയും വളർത്തു നായ്ക്കളിൽ ഒന്നും മരിച്ച നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്കു മുൻപ് മരിച്ച ജെമ്മയുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ ഭക്ഷിച്ചാണ് മറ്റൊരു വളർത്തുനായ ഈ വീട്ടിൽ കഴിഞ്ഞുവന്നിരുന്നത്.
അടുത്തകാലത്തായി ജെമ്മ നിരവധി ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ചലനശേഷി കുറവ് അടക്കമുള്ള പ്രശ്നങ്ങൾ നേരിട്ടതോടെ ഇവരുടെ ജോലിയും നഷ്ടപ്പെട്ടു. ആരോഗ്യപ്രശ്നങ്ങൾ വഷളായതോടെ ഇവരുടെ കാമുകൻ ഉപേക്ഷിച്ചു പോവുകയും ചെയ്തിരുന്നു. ഈ മനോവിഷമത്തിൽ യുവതി ജീവനൊടുക്കിയത് ആകാമെന്നാണ് കരുതപ്പെടുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളരെ ക്ഷീണിതനായ നിലയിൽ കണ്ടെത്തിയ ജെമ്മയുടെ വളർത്തുനായയെ മൃഗക്ഷേമ സംഘടനകൾ ഏറ്റെടുത്തിരിക്കുകയാണ്.
Discussion about this post