ന്യൂഡൽഹി: ഉത്സവങ്ങൾക്കായുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി.ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടി. ഹൈക്കോടതി പുറപ്പെടുവിച്ച ആനകളുടെ സർവ്വേ നടത്തണം എന്നത് ഉൾപ്പെടെയുള്ള നിർദേശമാണ് ഇപ്പോൾ സ്റ്റേ ചെയ്തത്. കൂടാതെ ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ആന എഴുന്നള്ളിപ്പ് പൂർണ്ണമായി തടയാനുള്ള നീക്കമെന്ന് തോന്നുന്നതായും സുപ്രീംകോടതി പറഞ്ഞു.
നായക്ക് എതിരായ ക്രൂരതയിൽ എടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. ആന എഴുന്നെള്ളിപ്പ് കേസിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല.
പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിൽ നിലവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന അറിയിക്കുകയും ചെയ്തു. കൂടാതെ ഈ ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതിയും നൽകിയിരുന്നു.
Discussion about this post