ബെംഗളൂരു : അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരവർപ്പിച്ച് ഇന്ത്യൻ തപാൽ വകുപ്പ്. പുനീത് രാജ്കുമാറിന്റെ 50-ാം ജന്മവാർഷികത്തിൽ ആണ് ഇന്ത്യ പോസ്റ്റ് താരത്തോടുള്ള ആദരവ് വ്യക്തമാക്കുന്നത്. പുനീതിന്റെ ചിത്രം അടങ്ങിയ പ്രത്യേക പോസ്റ്റ് കാർഡ് ആണ് ഇതിനായി ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. മാർച്ച് 17 ന് ആണ് പുനീത് രാജ്കുമാറിന്റെ 50-ാം ജന്മദിനം.
2021 ഒക്ടോബർ 29 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു പുനീത് രാജ്കുമാറിന്റെ അന്ത്യം. ആരാധകർക്കിടയിൽ അപ്പു എന്ന വിളിപ്പേരുള്ള അദ്ദേഹം കന്നഡ സിനിമ രംഗത്തെ പവർ സ്റ്റാർ ആയാണ് അറിയപ്പെട്ടിരുന്നത്. നടൻ, ഗായകൻ, നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ അദ്ദേഹം വലിയൊരു മനുഷ്യസ്നേഹി കൂടിയായിരുന്നു.
വളരെ ചെറിയ പ്രായത്തിൽ തന്നെ ആരംഭിച്ചതായിരുന്നു പുനീത് രാജ്കുമാറിന്റെ സിനിമാ ജീവിതം. ഇതിഹാസതാരം രാജ്കുമാറിന്റെ മകൻ എന്ന നിലയിൽ ദക്ഷിണേന്ത്യ മുഴുവൻ വലിയ ജനപ്രീതി ആയിരുന്നു പുനീതിന് ലഭിച്ചിരുന്നത്. ബെട്ടട ഹൂവു , ചാലിസുവ മൊഡഗലു , എറടു നക്ഷത്രഗലു തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിലൂടെ ബാലതാരമായി ആണ് പുനീത് ശ്രദ്ധേയമായ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.
2002-ൽ പുരി ജഗന്നാഥ് സംവിധാനം ചെയ്ത അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് നായക നടനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വമ്പൻ ഹിറ്റായി മാറിയെന്ന് മാത്രമല്ല പിന്നീടുള്ള കാലങ്ങളിൽ പോലും പുനീത് അപ്പു എന്ന പേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. മരണാനന്തരം പുറത്തിറങ്ങിയ ജെയിംസ് ബ്ലോക്ക് ബസ്റ്റർ ചിത്രം ഉൾപ്പെടെ തന്റെ കരിയറിൽ മികച്ച നിരവധി സിനിമകൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. സിനിമ മേഖലയിലെ താരത്തിളക്കത്തോടൊപ്പം ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം ചെയ്യുകയും അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയുടെ നടത്തിപ്പും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്നു പുനീത് രാജ്കുമാറിന്റെ ജീവിതം.
Discussion about this post