മലയാളി പ്രേക്ഷകർ ഏറെ ആരാധനയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ഈ മാസം 27 നാണ് ചിത്രം ലോകമെങ്ങും റീലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ആദ്യമായി കണ്ടത് രജനികാന്ത് ആണെന്നാണ് സംവിധായകൻ പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്. ട്രെയിലർ കണ്ട ശേഷം രജനികാന്ത് പറഞ്ഞ വാക്കുകൾ അമൂല്യമാണ് എന്ന് പൃഥ്വിരാജ് വ്യക്തമാക്കി. നടൻ രജനികാന്തിനൊപ്പമുള്ള ഒരു ഫോട്ടോയും പൃഥ്വിരാജ് പുറത്തുവിട്ടിട്ടുണ്ട്.
‘എമ്പുരാന്റെ ട്രെയിലർ കണ്ട ആദ്യ വ്യക്തി…. ട്രെയ്ലർ കണ്ട ശേഷം താങ്കൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ എന്നും ഓർത്തുവെയ്ക്കും. ഇത് എനിക്ക് വളരെ വലിയ കാര്യമാണ്. എന്നും താങ്കളുടെ ആരാധകൻ’പൃഥ്വിരാജ് കുറിച്ചു.രജിനികാന്ത് പൃഥ്വിരാജിനെ ചേർത്തുപിടിച്ചു നിൽക്കുന്ന ഫോട്ടോയും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.
Discussion about this post