മുംബൈ: നാഗ്പൂരിൽ ഔറംഗസേബിന്റെ ഖബറിനെചൊല്ലി തുടരുന്ന സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്. പ്രദേശത്ത് മനപ്പൂർവ്വം ചിലർ കലാപം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഔറംഗസേബിന്റെ ഖബർ കത്തിച്ചുവെന്ന സന്ദേശം പ്രചരിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷം ആരംഭിച്ചത്. ഈ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. 80 അംഗ സംഘമാണ് കല്ലേറ് നടത്തിയത്. ഈ സംഘത്തിന്റെ ആക്രമണത്തിൽ പോലീസുകാർക്കും പരിക്കേറ്റു. മഴുകൊണ്ട് ഉൾപ്പെടെ ഇവർ ആക്രമണം നടത്തി. പോലീസുകാരന് വെട്ടേറ്റു. മൂന്ന് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ചിലരുടെ വീടുകൾ സംഘം മനപ്പൂർവ്വം ലക്ഷ്യമിട്ടു. ആക്രമിച്ചു. ഒരു ഡിസിപിയ്ക്ക് നേരെ മഴുകൊണ്ടുള്ള ആക്രമണം ഉണ്ടായി എന്നും ഫട്‌നാവിസ് കൂട്ടിച്ചേർത്തു.
നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. സംഭവത്തിൽ അഞ്ച് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 11 പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. അഞ്ച് എസ്ആർപിഎഫ് യൂണിറ്റിനെ ക്രമസമാധാന പാലനത്തിനായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലത്തെ സ്ഥിതിഗതികൾ അദ്ദേഹം വിശദമായി നിരീക്ഷിക്കുകയാണ്.
നാഗ്പൂരിലെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്നാണ് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും പറയുന്നത്. രണ്ട് മതവിഭാഗങ്ങൾ തമ്മിൽ പ്രശ്‌നം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആരെയും വെറുതെ വിടില്ല. ഔറംഗസേബിന് വീരപരിവേഷം നൽകേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post