റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ ജവാന് പരിക്ക്. സിആർപിഎഫ് ഇൻസ്‌പെക്ടർക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. ഝാർഖണ്ഡിലെ ചായ്ബസ ജില്ലയിൽ ആയിരുന്നു സംഭവം.
ഏറ്റുമുട്ടലിനിടെയാണ് ഭീകരർ ആക്രമണം നടത്തിയത്. ചായ്ബസയിലെ ജരയ്‌ക്കേല മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു ഇവർ. തുടർന്ന് പരിശോധന നടത്തി. എന്നാൽ പരിശോധനയ്ക്കിടെ ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സിആർപിഎഫ് സേനാംഗങ്ങളും ശക്തമായി തിരിച്ചടിച്ചു. ഇവരിൽ നിന്നും രക്ഷപ്പെടുന്നതിനായി സിആർപിഎഫ് അംഗങ്ങൾക്ക് നേരെ ഭീകരർ ഐഇഡി എറിയുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഈ ആക്രമണത്തിലാണ് സബ് ഇൻസ്‌പെക്ടർക്ക് പരിക്കേറ്റത്.
ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രദേശത്ത് ഏറ്റമുട്ടൽ തുടരുകയാണെന്നാണ് വിവരം. റാഞ്ചിയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഈ മാസം ആദ്യം ചായ്ബസയിൽ കമ്യൂണിസ്റ്റ് ഭീകരർ നടത്തിയ ഐഇഡി ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സമാന സംഭവം ഉണ്ടാകുന്നത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post