ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയന്ത്രഇടപെടലുകളെ പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ പിന്തുണച്ച് രാജ്യസഭ എംപി ജോൺ ബ്രിട്ടാസ്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തിന് ഇന്ത്യ വഴങ്ങരുത് എന്ന് ഇടതു പാർട്ടികൾ മുൻപ് പറഞ്ഞിരുന്നുവെന്ന് ജോൺബ്രിട്ടാസ് പറയുന്നു.
ശശി തരൂർ അഭിനന്ദിക്കേണ്ടത് ഇടതു പാർട്ടികളെയാണ്. പാശ്ചാത്യ സമ്മർദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ശശി തരൂർ കോൺഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ ജോൺ ബ്രിട്ടാസ് പറഞ്ഞു.
അന്താരാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്ന റായ് സെയ്ന സംവാദത്തിലാണ് ശശി തരൂർ പ്രധാനമന്ത്രിയുടെ നിലപാടിനെ വീണ്ടും പ്രശംസിച്ചത്.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയിൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിക്കും സ്വീകാര്യനായ നേതാവായി മാറാൻ നരേന്ദ്ര മോദിക്കു കഴിഞ്ഞുവെന്ന് തരൂർ പറഞ്ഞു. ഇരുവിഭാഗങ്ങൾക്കും അംഗീകരിക്കാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ-യുക്രെയിൻ യുദ്ധസമയത്ത് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ താൻ പാർലമെന്റിൽ വിമർശിച്ചിരുന്നെങ്കിലും, ഇപ്പോൾ തന്റെ അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായെന്ന് തരൂർ പറഞ്ഞു. ഡൽഹിയിൽ നടന്ന,’റായ്‌സിന ഡയലോഗിൽ’ സംസാരിക്കുകയായിരുന്നു തരൂർ. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താൻ എതിർത്തത് അബദ്ധമായെന്നും തരൂർ പറഞ്ഞു.
Discussion about this post