അലഹാബാദ്: സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി.പവൻ, ആകാശ് എന്നിവരുടെ പേരിൽ കാസ്ഗഞ്ച് കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരേ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമർശം. കുറ്റാരോപിതരായ രണ്ട് പുരുഷന്മാർക്കെതിരെ കീഴ്ക്കോടതി ചുമത്തിയ കുറ്റങ്ങളിൽ മാറ്റം വരുത്താനും കോടതി ഉത്തരവിട്ടു.
2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസിൽ പ്രതികൾക്കെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളും കേസിലെ വസ്തുതകളും ബലാത്സംഗ ശ്രമത്തിന്റെ ഒരു കുറ്റകൃത്യമായി കണക്കാക്കാൻ പാടില്ലെന്ന് മാർച്ച് 17ന് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി വ്യക്തമാക്കിയത്.
കേസിൽ സമൻസ് അയച്ച പ്രാദേശിക കോടതിയുടെ നടപടിയെ ചോദ്യംചെയ്താണ് ഹർജി നൽകിയത്. ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ വേണമെന്നും ബലാത്സംഗം ശ്രമവും തയ്യാറെടുപ്പും തമ്മിൽ വലിയ അന്തരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post