ചില നമ്പറുകളിൽ ഏപ്രിൽ ഒന്ന് മുതൽ യുപിഐ സേവനം ലഭിക്കില്ല. തട്ടിപ്പും അനധികൃത ഇടപാടുകളും തടയുന്നതിന് ചില നമ്പറുകൾ വിച്ഛേദിക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്കുകളോടും പേയ്‌മെന്റ് സേവന ദാതാക്കളോടും നിർദ്ദേശിച്ചു. സജീവമായി ഉപയോഗിക്കാത്ത മൊബൈൽ നമ്പറുകളിലെ യുപിഐ സേവനമാണ് നിർത്താൻ പോവുന്നത്.
തടസ്സങ്ങൾ നേരിടാതിരിക്കാനായി ഉപയോഗിക്കാത്ത നമ്പറുകൾ ആക്റ്റീവാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ഏപ്രിൽ ഒന്നുമുതൽ യുപിഐ സേവനം ലഭിക്കില്ലെന്നാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ക്റ്റീവ് ആയിട്ടുള്ള മൊബൈൽ നനമ്പറുകൾ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഉപയോക്താക്കൾ അവരുടെ നമ്പറുകൾ മാറ്റിയാലും സജീവമായി ഉപയോഗിക്കാതിരുന്നാലും യുപിഐ അക്കൗണ്ടുകൾ പലപ്പോഴും സജീവമായി തുടരുന്നതായാണ് കണ്ടുവരുന്നത്. ഇത് ദുരുപയോഗത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോൺ നമ്പർ റീഅസൈൻ ചെയ്താലും തട്ടിപ്പുകാർക്ക് സാമ്പത്തിക ഇടപാടുകൾ നടത്താൻ അവസരം ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകൾ തടയുന്നതിന് വേണ്ടിയാണ് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള പേയ്മെന്റ് ആപ്പുകളോടും ബാങ്കുകളോടും യുപിഐ സിസ്റ്റത്തിൽ നിന്ന് നിഷ്‌ക്രിയ നമ്പറുകൾ നീക്കം ചെയ്യാൻ നിർദേശിച്ചത്
ആരൊക്കെയാണ് ഇത് ബാധിക്കുന്നത് ?
*മൊബൈൽ നമ്പർ മാറ്റിയെങ്കിലും ബാങ്കിൽ അത് അപ്ഡേറ്റ് ചെയ്യാത്ത ഉപയോക്താക്കൾ.
* കോളുകൾ, SMS, അല്ലെങ്കിൽ ബാങ്കിംഗ് അലേർട്ടുകൾ എന്നിവയ്ക്കായി വളരെക്കാലമായി ഉപയോഗിക്കാത്ത നിഷ്‌ക്രിയ നമ്പറുകളുള്ള ഉപയോക്താക്കൾ.
*ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാതെ നമ്പർ സറണ്ടർ ചെയ്ത ഉപയോക്താക്കൾ.
*പഴയ നമ്പർ മറ്റൊരാൾക്ക് വീണ്ടും നൽകിയ ഉപയോക്താക്കൾ
നിങ്ങളുടെ UPI എങ്ങനെ സജീവമായി നിലനിർത്താം
*ആരെയെങ്കിലും വിളിച്ചോ മെസ്സേജ് അയച്ചോ നിങ്ങളുടെ മൊബൈൽ നമ്പർ സജീവമാണോ എന്ന് പരിശോധിക്കുക.
*നിങ്ങളുടെ ബാങ്കിൽ നിന്ന് sms അലേർട്ടുകളും OTP- കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
*നെറ്റ് ബാങ്കിംഗ്, യുപിഐ ആപ്പുകൾ, എടിഎമ്മുകൾ വഴിയോ ബാങ്ക് ശാഖ സന്ദർശിച്ചോ നിങ്ങളുടെ യുപിഐ-ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുക.
യുപിഐയ്ക്ക് ഒരു മൊബൈൽ നമ്പർ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഒടിപി സ്ഥിരീകരണത്തിനായാണ് മൊബൈൽ നമ്പർ ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്നത്. അത് നിഷ്‌ക്രിയമാവുകയും വീണ്ടും അസൈൻ ചെയ്യപ്പെടുകയും ചെയ്താൽ, ഇടപാടുകൾ പരാജയപ്പെടാം. അല്ലെങ്കിൽ പണം തെറ്റായ അക്കൗണ്ടിലേക്ക് പോകാം.
Discussion about this post