എറണാകുളം: കുറുപ്പുംപടിയിൽ സഹോദരങ്ങളായ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ മാതാവിനെയും പ്രതി ചേർക്കും. കുട്ടികളെ ഉപദ്രവിക്കാൻ കുട്ടിയുടെ അമ്മ പ്രതി ധനേഷ് കുമാറിന് ഒത്താശ്ശ ചെയ്‌തെന്ന് പോലീസിന് വ്യക്തമായതോടെയാണ് പ്രതി ചേർക്കുന്നത്. ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും അന്വേഷണത്തിൽ പോലീസിന് വ്യക്തമായിട്ടുണ്ട്.
കുട്ടികൾ പീഡനത്തിന് ഇരയായ സംഭവത്തിൽ അമ്മയ്ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് സംശയം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ധനേഷ് കുട്ടികളെ പീഡിപ്പിച്ചുവരുന്നതായി അമ്മയ്ക്ക് അറിയാമായിരുന്നു. എന്നാൽ ഇത് തടയാൻ അമ്മ ശ്രമിച്ചില്ല. അമ്മയും ധനേഷുമായി ലിവിംഗ് ടുഗെതർ ബന്ധം ആയിരുന്നു. ആഴ്ചയിൽ ഒരിക്കൽ ഇയാൾ വീട്ടിൽ എത്തിയിരുന്നു. അപ്പോഴായിരുന്നു പെൺകുട്ടികളെ ഉപദ്രവിക്കാറുള്ളത്.
കടുത്ത ലൈംഗിക വൈകൃതം ഉള്ള ആളാണ് ധനേഷ്. സംഭവം പുറത്തറിയാതിരിക്കാൻ ധനേഷ് കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ കുട്ടികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പോലീസിന്റെ തുടർനടപടികൾ. നിലവിൽ കുട്ടികൾ അഭയകേന്ദ്രത്തിലാണ്.
10 ഉം 12 ഉം വയസ്സുള്ള കുട്ടികളാണ് ക്രൂരപീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം 12 കാരി സുഹൃത്തിന് അയച്ച കത്തായിരുന്നു വിവരം പുറത്തറിയാൻ നിർണായകം ആയത്. ധനേഷ് പെൺകുട്ടിയുടെ സുഹൃത്തിനെ പരിചയപ്പെടുത്താൻ നിർബന്ധിച്ചിരുന്നു. ഇതേക്കുറിച്ചുള്ളതായിരുന്നു കത്ത്. കത്ത് കിട്ടിയ സുഹൃത്തായ പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്.
Discussion about this post