ബസിലും ട്രെയിനിലും യാത്ര ചെയ്യുന്നത് പോലെയല്ല വിമാന യാത്ര. നിരവധി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമേ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. അത് മാത്രമല്ല യാത്രാ വേളയിൽ നിരവധി നിബന്ധനകളും പാലിക്കേണ്ടതുണ്ട്.
വിമാനത്തിൽ കൊണ്ടുപോകാവുന്ന ലഗേജിൽ നിയന്ത്രണമുണ്ട്. അനുവദനീയമായ ഭാരത്തിലധികം സാധനങ്ങൾ കൊണ്ടുപോകാൻ സാധിക്കുകയില്ല. ഇത് മാത്രവുമല്ല കൈവശം കൊണ്ടുപോകാവുന്ന ബാഗിന്റെയും മറ്റ് വസ്തുക്കളുടെയും കാര്യത്തിലും നിയന്ത്രണം ഉണ്ട്. അതിൽ ഒന്നാണ് വെള്ളത്തിന്റെ കാര്യം.
സാധാരണയായി യാത്ര പോകുമ്പോൾ ഒന്നോ രണ്ടോ കുപ്പി വെള്ളം നാം കൈവശം കൊണ്ടുപോകാറുണ്ട്. എന്നാൽ വിമാന യാത്രയിൽ ഇത് സാദ്ധ്യമല്ല. 100 മില്ലീ ലിറ്റർ ദ്രാവകം മാത്രമേ യാത്രാവേളയിൽ കൈവശം സൂക്ഷിക്കാൻ കഴിയുകയുള്ളൂ. ഇതിന് കാരണവും ഉണ്ട്.
2006 ൽ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ഉണ്ടായ സംഭവത്തിന് പിന്നാലെയാണ് ഈ നിയന്ത്രണം വന്നത്. അന്ന് ഭീകരർ ആക്രമണത്തിനായി അവർക്ക് ആവശ്യമായ സ്‌ഫോടക വസ്തുക്കൾ കൊണ്ടുവന്നത് വെള്ളം കുപ്പികളിൽ ഒളിപ്പിച്ച് ആയിരുന്നു. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഭാഗ്യവശാൽ ഇത് സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ വൻ ദുരന്തം ആയിരുന്നു ഒഴിവായത്.
ഈ സംഭവം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഗൗരവത്തോടെയെടുത്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കയ്യിൽ കൊണ്ടുപോകാവുന്ന ദ്രാവകത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. പിന്നാലെ എല്ലാ വിമാനത്താവളങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം കൈമാറി. പിന്നീട് ഈ നിയമം പ്രാബല്യത്തിൽ വരികയായിരുന്നു. അതേസമയം ഓരോ വിമാന കമ്പനികൾക്കും ഓരോ രീതികളാണ് ഉള്ളത്. ഇതിന് അനുസരിച്ച് നിയമങ്ങളിൽ മാറ്റം ഉണ്ടാകും.
Discussion about this post