കോഴിക്കോട്: എലത്തൂരിൽ ലഹരിയ്ക്കടിമയായ മകനിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് മാതാവ് മിനി. തന്നോട് മകന് അടങ്ങാത്ത പകയുണ്ടായിരുന്നുവെന്ന് മിനി പറഞ്ഞു. രണ്ട് തവണ കേസിൽ നിന്നും താനാണ് രക്ഷിച്ചത് എന്നും മിനി വ്യക്തമാക്കുന്നു.
ചെറുപ്പം മുതലേ ആരോടും അങ്ങിനെ അടുക്കാത്ത പ്രകൃതക്കാരനാണ് രാഹുൽ. പ്രായത്തിൽ മുതിർന്നവരുമായാണ് രാഹുലിന്റെ ചങ്ങാത്തം. സ്വാഭവത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങിയതിനെ തുടർന്നാണ് മകൻ ലഹരിയ്ക്ക് അടിമയാണെന്ന് വ്യക്തമായത്. തന്നോട് എപ്പോഴും പണം ചോദിക്കുമായിരുന്നു. എന്നാൽ നൽകില്ല. അങ്ങനെ വരുമ്പോൾ ബഹളം വയ്ക്കും. ഞാനത് ശ്രദ്ധിക്കാറില്ല. പണം നൽകാത്തതിന് അവന് തന്നോട് അടങ്ങാത്ത പക ഉണ്ടായിരുന്നു.
26 വയസ്സാണ് മകന്റെ പ്രായം. എപ്പോഴെങ്കിലും അവൻ തെറ്റുകൾ തിരുത്തുമെന്ന് കരുതി. അതുകൊണ്ടാണ് ഇതൊന്നും ആരെയും അറിയിക്കാതിരുന്നത്. ഇതിനിടെ ജയിലിലായി. ജയിലിൽ കിടക്കുമ്പോൾ അമ്മേ എന്ന് വിളിച്ച് കരയും. അപ്പോൾ തന്റെ മനസ് അലിയും. തുടർന്ന് അവനെ പുറത്തിറക്കും. എറണാകുളത്ത് ജോലിക്ക് പോവുമെന്ന് പറഞ്ഞ് മകൻ ഡിസംബറോടെ തിരികെ എത്തി. ജനുവരിയോടെ ചെയ്തികളിൽ മാറ്റം ഉണ്ടായി. ആത്മഹത്യാ ഭീഷണി പതിവായി. പല രീതിയിൽ മകനെ ലഹരി വിമുക്തി കേന്ദ്രത്തിൽ ആക്കിയിരുന്നു. കഞ്ചാവ് വലിച്ച് ആയിരുന്നു അവൻ ലഹരി ഉപയോഗം ആരംഭിച്ചത് എന്നും മിനി കൂട്ടിച്ചേർത്തു.
മകനെ രക്ഷിക്കുകയാണ് ഇനി ലക്ഷ്യം. അതിന് സാദ്ധ്യമായ എല്ലാ വഴിയും നോക്കി. എന്നാൽ ഫലം കണ്ടില്ല. ഇതേ തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്. ഇനി മനസ് അലിയില്ല. മനസ് കല്ലാക്കാനാണ് തീരുമാനം എന്നും മിനി പറഞ്ഞു.
Discussion about this post