അന്താരാഷ്ട്ര നിലയത്തിലെ ഒമ്പത് മാസക്കാലത്തെ,കൃത്യമായി പറഞ്ഞാൽ 286 ദിവസത്തെ വാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലെത്തിയതിന്റെ ആശ്വാസത്തിലാണ് നാസ. എട്ട് ദിവസത്തെ ദൗത്യത്തിന് പോയ ഇരുബഹിരാകാശ സഞ്ചാരികൾക്കും ഇത്രയധികം ദിവസം അവിടെ ചെലവിടേണ്ടി വന്നത് നാസയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തിരുന്നു. ഇരുവരും സുരക്ഷിതമായി എത്തിയതിന് പിന്നാലെ ഇത്ര ദിവസം അധികമായി ബഹിരാകാശത്ത് തങ്ങിയതിന് അവർക്ക് ഓവർടൈം സാലറി ലഭിക്കുമോയെന്ന് ആളുകൾക്ക് സംശയമുണ്ടായി. ഇതേ സംശയം ഒരു മാദ്ധ്യമപ്രവർത്തകൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ചോദിച്ചതും അദ്ദേഹം അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം.
നാസയുടെ ബഹിരാകാശ യാത്രികർക്ക് ഓവർടൈമിന് ഏതെങ്കിലും തരത്തിലുള്ള അധിക വേതനം ലഭിക്കുമോ എന്നതായിരുന്നു ചോദ്യം. ഇതിനോട് ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ‘ഇക്കാര്യം ആരും തന്റെ മുന്നിൽ അവതരിപ്പിച്ചിട്ടില്ല. അക്കാര്യം തന്റെ മുന്നിലെത്തിയാൽ, എന്റെ സ്വന്തം പോക്കറ്റിൽനിന്ന് ഞാനത് നൽകും’.
ഓരോ അധിക ദിവസങ്ങൾക്കും വിൽമോറിനും സുനിത വില്യംസിനും പ്രതിദിനം അഞ്ച് ഡോളർ വീതമാണ് അധിക വേതനം ലഭിച്ചതെന്ന് റിപ്പോർട്ടർ ട്രംപിനോട് പറഞ്ഞു. അങ്ങനെയെങ്കിൽ ഇരുവർക്കും അധിക 287 ദിവസങ്ങൾക്കായി 1430 ഡോളർ അധികം ലഭിക്കുമെന്ന് കണക്കാക്കി പറഞ്ഞ ട്രംപ് ഈ പണം വേണമെങ്കിൽ താൻ സ്വന്തം പോക്കറ്റിൽ നിന്ന് നൽകാം എന്നറിയിക്കുകയായിരുന്നു. ‘ഇത്രകുറച്ചാണോ ലഭിക്കുന്നത്, അതെനിക്ക് അറിയില്ലായിരുന്നു, ഈ തുക എന്റെ പോക്കറ്റിൽ നിന്ന് നൽകും. അതുറപ്പായും അവർക്കായി വാങ്ങി നൽകുമെന്ന് ട്രംപ് പറഞ്ഞു.
ജീവൻപണയം വച്ചുള്ള ജോലിക്ക് ഇത്ര കുറച്ച് ശമ്പളമോ എന്ന് ആശ്ചര്യപ്പെട്ടേക്കാം. എന്നാൽ കൗതുകകരമായ കാര്യം, നാസയിലെ ബഹിരാകാശയാത്രികർ ഫെഡറൽ ജീവനക്കാരാണ് – അതായത് മറ്റ് സർക്കാർ ജീവനക്കാരുടേതിന് സമാനമായ സ്റ്റാൻഡേർഡ് ശമ്പളമാണ് അവർക്ക് ലഭിക്കുന്നത്. ഷെഡ്യൂൾ പ്രകാരം, ഓവർടൈം ജോലി, വാരാന്ത്യങ്ങൾ അല്ലെങ്കിൽ അവധി ദിവസങ്ങൾ തുടങ്ങിയവയിൽ അല്ലാതെ ദീർഘദൂര ദൗത്യങ്ങൾക്ക് അവർക്ക് അധിക വേതനം ലഭിക്കുന്നില്ല. ബഹിരാകാശ യാത്ര പോലും ഔദ്യോഗിക യാത്രയായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ ഘട്ടത്തിലെ ഗതാഗതം, ഭക്ഷണം, താമസം എന്നിവ സർക്കാർ വഹിക്കും. ശമ്പളം കൂടാതെ പ്രതിദിന അലവൻസായി തുച്ഛമായ തുക നൽകുന്നുണ്ട്. ഇത് ഒരു ദിവസം അഞ്ച് ഡോളർ മാത്രമാണ്. അതായത് 430 രൂപ. സുനിതാ വില്യംസും ബുച്ച് വിൽമോറും ഇത്രയും ദിവസം ബഹിരാകാശത്ത് തങ്ങിയതിന് അധികമായി കിട്ടുക 1,22,980 രൂപ മാത്രം
Discussion about this post