ന്യൂഡൽഹി : ഭാരതത്തിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം സ്വന്തമാക്കി പ്രമുഖ ഹിന്ദി കവിയും കഥാകൃത്തുമായ വിനോദ് കുമാർ ശുക്ല. ന്യൂഡൽഹിയിലെ ജ്ഞാനപീഠ് സെലക്ഷൻ കമ്മിറ്റിയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത് . 88 വയസ്സുള്ള കവിയും കഥാകാരനുമായ വിനോദ് കുമാർ ശുക്ലയ്ക്ക് 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിക്കുമെന്ന് സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കി.
ഛത്തീസ്ഗഡ് സ്വദേശിയാണ് വിനോദ് കുമാർ ശുക്ല. ആദ്യമായാണ് ഛത്തീസ്ഗഡിലേക്ക് ജ്ഞാനപീഠ പുരസ്‌കാരം എത്തുന്നത്. ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഹിന്ദി എഴുത്തുകാരനാണ് വിനോദ് കുമാർ ശുക്ല. സെർവന്റ്സ് ഷർട്ട്”, “ഡിയർ യൂസ്ഡ് റ്റു ബി എ വിൻഡോ ഇൻ ദി വാൾ”, “ഇഫ് ഇറ്റ് ബ്ലൂംസ് വി വിൽ സീ”, “ലോങ്ങ് പോംസ് ഇൻ നോവൽസ്”, “സമൈം ആഫ്റ്റർ നൗ, നോ എക്സ്ട്രാസ്, ഒൺലി റൂട്ട്സ് ആർ ദേർ” എന്നീ കൃതികളിലൂടെ അദ്ദേഹം സാഹിത്യലോകത്ത് ശ്രദ്ധേയനായത്.
വ്യത്യസ്തമായ ഭാഷാ ഘടനയും ആഴത്തിലുള്ള വൈകാരിക ആകർഷണവുമുള്ള കൃതികളാണ് വിനോദ് കുമാർ ശുക്ല ഹിന്ദി സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുള്ളത്. 1937 ജനുവരി 1 ന് ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ ആണ് അദ്ദേഹം ജനിച്ചത്. 50 വർഷത്തിലേറെ നീണ്ട സാഹിത്യ ജീവിതത്തിൽ നിരവധി പ്രമുഖ കൃതികൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു. സാഹിത്യ അക്കാദമി അവാർഡ്, രചന സമഗ്ര അവാർഡ്, ഹിന്ദി ഗൗരവ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി അഭിമാനകരമായ അവാർഡുകൾ വിനോദ് കുമാർ ശുക്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, പെൻ അമേരിക്കയുടെ 2023 ലെ അന്താരാഷ്ട്ര സാഹിത്യത്തിലെ നേട്ടത്തിനുള്ള വ്‌ളാഡിമിർ നബോക്കോവ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അമേരിക്കയുടെ സാഹിത്യത്തിലെ ഓസ്കാർ ആയി അറിയപ്പെടുന്ന പെൻ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും ആദ്യ ഏഷ്യൻ വംശജനായ എഴുത്തുകാരനും കൂടിയാണ് വിനോദ് കുമാർ ശുക്ല. ഇപ്പോൾ സാഹിത്യത്തിലെ പരമോന്നത ബഹുമതി നൽകി ഭാരതം അദ്ദേഹത്തെ സാഹിത്യലോകത്തെ സവിശിഷ്ട വ്യക്തിയായി ആദരിച്ചിരിക്കുകയാണ്.
Discussion about this post