ബെംഗളൂരു : മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മുസ്ലീങ്ങൾക്ക് 4% സംവരണം നൽകുന്ന ബില്ലിന് കർണാടക കോൺഗ്രസ് സർക്കാർ അടുത്തിടെ അംഗീകാരം നൽകിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മതത്തിനുള്ളിലെ പിന്നാക്ക വിഭാഗങ്ങൾക്ക് മാത്രമേ സംവരണം ബാധകമാകൂ. ബാബാസാഹേബ് അംബേദ്കർ രചിച്ച ഭരണഘടന മതാടിസ്ഥാനത്തിലുള്ള സംവരണങ്ങൾ അംഗീകരിക്കുന്നില്ല. അത്തരമൊരു വ്യവസ്ഥ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏതൊരു സംസ്ഥാനവും നമ്മുടെ ഭരണഘടനയുടെ സ്ഥാപക തത്വങ്ങൾക്ക് വിരുദ്ധമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്ന് ദിവസങ്ങളായി നീണ്ടു നിന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ സമാപന ദിവസം മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോൾ ആയിരുന്നു ഹൊസബാളെ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. രാഷ്ട്രീയ സ്വയംസേവക സംഘം മതാധിഷ്ഠിത സംവരണത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക നടത്തിയത് പോലെയുള്ള ശ്രമങ്ങൾ മുൻപ് ആന്ധ്രപ്രദേശും മഹാരാഷ്ട്രയും നടത്തിയിട്ടുണ്ടെങ്കിലും കോടതി ആ തീരുമാനം റദ്ദാക്കിയതാണ്. അത്തരം വ്യവസ്ഥകൾ ഇന്ത്യൻ ഭരണഘടന പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post