മുംബൈ : നാഗ്പൂർ കലാപക്കേസിലെ പ്രധാന പ്രതിയായ ഫാഹിം ഖാനെതിരെ ബുൾഡോസർ നടപടിയുമായി നാഗ്പൂർ കോർപ്പറേഷൻ. ന്യൂനപക്ഷ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ആയ ഫാഹിം ഖാൻ അനധികൃതമായി നിർമ്മിച്ചിരുന്ന വീട് കോർപ്പറേഷൻ അധികൃതർ പൊളിച്ചു മാറ്റി. നാഗ്പൂരിലെ യശോദ്‌നഗർ പ്രദേശത്തെ സഞ്ജയ് ബാഗ് കോളനിയിൽ സ്ഥിതി ചെയ്യുന്ന വീടാണ് ഇന്ന് കോർപ്പറേഷൻ അധികൃതർ എത്തി പൊളിച്ചത്.
അനധികൃത നിർമ്മാണം സംബന്ധിച്ച് ഖാന് നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നതായി കോർപ്പറേഷൻ വ്യക്തമാക്കി. ഈ നോട്ടീസിന് ഖാൻ മറുപടി നൽകിയിരുന്നില്ല. 2020 ൽ പാട്ടക്കാലാവധി അവസാനിച്ച സ്ഥലത്താണ് വീട് സ്ഥിതിചെയ്യുന്നത് എന്ന് കോർപ്പറേഷൻ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര റീജിയണൽ ആൻഡ് ടൗൺ പ്ലാനിംഗ് ആക്ട് പ്രകാരമാണ് പൊളിച്ചുനീക്കൽ നടപടി സ്വീകരിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിനും ആക്രമണത്തിനും ആഹ്വാനം ചെയ്തതിന് ആണ് ഫാഹിം ഖാൻ ഉൾപ്പെടെ ആറ് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുള്ളത്.
ഈ മാസം 17 നായിരുന്നു നാഗ്പൂരിൽ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ മുസ്ലിം വിഭാഗം ആക്രമണം നടത്തിയത്. തുടർന്നുണ്ടായ കലാപത്തിൽ മൂന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ 33 പോലീസ് ഉദ്യോഗസ്ഥർക്കും നിരവധി പ്രതിഷേധക്കാർക്കും പരിക്കേറ്റിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഹിന്ദു വിഭാഗത്തിനെതിരെ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചാണ് ഫാഹിം ഖാൻ അടക്കമുള്ളവർ കലാപത്തിന് പ്രേരണ നൽകിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post