തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരം പുറത്ത്. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. യുവാവ് ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. അതിന്റെ മനോവിഷമത്തിൽ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണത്തിൽ പോലീസിന്റെ നിഗമനം പുറത്തുവന്നത്.
മേഘയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന മേഘ. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇന്നലെ തന്നെ പോലീസ് സംശയിച്ചിരുന്നു.
തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസാണ് ഇടിച്ചത്. ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.












