ന്യൂഡൽഹി : നികുതിദായകർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ധനകാര്യ ബിൽ 2025 ലോക്സഭ പാസാക്കി. 35 ഭേദഗതികളോടെയാണ് ധനകാര്യ ബിൽ പാസാക്കിയിരിക്കുന്നത്. നികുതിദായകർക്ക് അഭൂതപൂർവമായ നികുതി ഇളവ് നൽകുന്ന ബില്ലാണിതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
ഈ ബിൽ രാജ്യത്തെ മധ്യവർഗത്തിനും ബിസിനസുകൾക്കും ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സാമ്പത്തിക അനിശ്ചിതത്വം ഇല്ലാതാക്കുന്നതിനായി, ഓൺലൈൻ പരസ്യങ്ങളിലെ തുല്യതാ ഫീസ് ആയ ഡിജിറ്റൽ നികുതി പൂർണമായും നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള ഭേദഗതികളാണ് ബില്ലിൽ വരുത്തിയിട്ടുള്ളത്.
ധനകാര്യ ബിൽ 2025 പാസായതോടെ ബജറ്റ് അംഗീകാര പ്രക്രിയയുടെ ഒരു ഭാഗം ലോക്‌സഭ പൂർത്തിയാക്കി. ഉപരിസഭയായ രാജ്യസഭ ഇനി ബിൽ പരിഗണിക്കും. രാജ്യസഭ കൂടി ബിൽ അംഗീകരിച്ചുകഴിഞ്ഞാൽ, 2025-26 ലെ ബജറ്റ് പ്രക്രിയ പൂർത്തിയാകും.
Discussion about this post