ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന് 5152.12 കോടി നികുതിയും പിഴയും ചുമത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ.അവശ്യ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ താരിഫ് ഒഴിവാക്കിയതിന് സാംസങ്ങും കമ്പനിയുടെ പ്രാദേശിക എക്‌സിക്യൂട്ടീവുകളും 601 മില്യൺ ഡോളർ നികുതിയും പിഴയും തിരികെ നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടെന്നാണ് വിവരം.
മൊബൈൽ ടവറുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ നികുതി നൽകാതിരിക്കാനായി തെറ്റായി തരംമാറ്റിയെന്നാണ് പ്രധാന ആരോപണം. ഇതുസംബന്ധിച്ച് 2023ൽ സാംസങ്ങിന് അധികൃതരിൽനിന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ മുകേഷ് അംബാനിയുടെ ടെലികോം ഭീമനായ റിലയൻസ് ജിയോയ്ക്കാണ് സാംസങ്ങ് വിറ്റത്.
ഉപകരണങ്ങൾ നികുതി ആവശ്യമുള്ളത് അല്ലെന്നും ഉദ്യോഗസ്ഥർക്ക് വർഷങ്ങളായി അതിന്റെ വർഗീകരണ രീതി അറിയാമെന്നും ചൂണ്ടിക്കാട്ടി സാംസങ് ഇന്ത്യ നികുതി അതോറിറ്റിയെ പരിശോധനയിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ജനുവരി 8-ന് കസ്റ്റംസ് അധികൃതർ കമ്പനിയുടെ വാദത്തോട് വിയോജിച്ചു. സാംസങ് ഇന്ത്യൻ നിയമം ലംഘിച്ചുവെന്നറിഞ്ഞ് ക്ലിയറൻസിനായി തെറ്റായ രേഖകൾ സമർപ്പിച്ചുവെന്ന് കസ്റ്റംസ് കമ്മീഷണർ സോനാൽ ബജാജ് തന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
Discussion about this post