തിരുവനന്തപുരം; കമ്മ്യൂണിസ്റ്റ് പാർട്ടികളെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കമ്മ്യൂണിസ്റ്റുകൾ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് അതിന് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് എക്‌സിലൂടെ തരൂരിന്റെ പരിഹാസം.ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടറുകൾ വന്നപ്പോൾ കമ്മ്യൂണിസ്റ്റ് ഗൂണ്ടകൾ പൊതുമേഖലാ ഓഫീസുകളിൽ കയറി അവ തല്ലിപ്പൊട്ടിച്ചെന്നും ഇന്ത്യയിൽ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നതിനെ എതിർത്ത ഒരേയൊരു പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും തരൂർ കുറിച്ചു. കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷമാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എക്‌സിലെ കുറിപ്പിന്റെ പൂർണരൂപം
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുറക്കാൻ അനുമതി നൽകി, അങ്ങനെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒടുവിൽ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ, തീരുമാനം ഏതാണ്ട് 15 മുതൽ 20 വർഷം വൈകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരുടെ കാര്യത്തിൽ ഇത് സാധാരണയായി സംഭവിക്കാറുണ്ട്.
ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടറുകൾ വന്നപ്പോൾ, കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ പൊതുമേഖലാ ഓഫീസുകളിൽ കയറി അവ തകർക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്. ഇന്ത്യയിൽ മൊബൈൽ ഫോണുകൾ അവതരിപ്പിക്കുന്നതിനെ എതിർത്ത ഒരേയൊരു പാർട്ടിയും കമ്മ്യൂണിസ്റ്റുകാരായിരുന്നു.ഈ മാറ്റങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്ന് മനസ്സിലാക്കാൻ അവർക്ക് വർഷങ്ങളെടുത്തു. ആ സാധരണക്കാരന് വേണ്ടിയാണ് തങ്ങൾ സംസാരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. ഒടുവിൽ അവർ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അത് 22-ാം നൂറ്റാണ്ടിൽ മാത്രമായിരിക്കാം.
Discussion about this post