ന്യൂഡൽഹി: ലോക്‌സഭയിൽ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന പരാതിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. താൻ പറയുന്നത് കേൾക്കാതെ സ്പീക്കർ ഓടിപ്പോയി. കഴിഞ്ഞ ഒരാഴ്ചയായി സഭയിൽ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, ആരും അതിന് തന്നെ അനുവദിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു. പാർലമെന്റ് കോംപ്ലക്‌സിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ലോക്‌സഭയിൽ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കുക എന്നത് ഒരു കീഴ്‌വഴക്കമാണ്. ലോക്‌സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് ഞാൻ സഭയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്പീക്കർ ഓടിപ്പോയി. ഇങ്ങനയെല്ല സഭ നടത്തേണ്ടത്. എന്നെ സംസാരിക്കാൻ അനുവദിക്കാതെ സ്പീക്കർ ഓടി പോയി. അദ്ദേഹം തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. സഭ പിരിച്ചുവിട്ടുവെന്നും രാഹുൽ പറഞ്ഞു.
കഴിഞ്ഞ ഏഴ് എട്ട് ദിവസമായി സഭയിൽ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ ലോക്‌സഭയിൽ പ്രതിപക്ഷത്തിന് സ്ഥാനം ഇല്ല. ഇത് കേന്ദ്രസർക്കാരിന്റെ മാത്രം സ്ഥലമാണ്. എനിക്ക് സുപ്രധാനമായ നിരവധി ചോദ്യങ്ങൾ ആയിരുന്നു ഉന്നയിക്കാൻ ഉണ്ടായിരുന്നത്. കുംഭമേളയെക്കുറിച്ച് പ്രധാനമന്ത്രി ഒരുപാട് ഇവിടെ സംസാരിച്ചു. ഇവിടുത്തെ തൊഴിലില്ലായ്മയെക്കുറിച്ച് കൂടി അദ്ദേഹം സംസാരിക്കണം ആയിരുന്നു. ഇതേക്കുറിച്ച് ചോദ്യം ഉന്നയിക്കാൻ ആരും അനുവദിച്ചില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോക്‌സഭാ സ്പീക്കർ ഓം ബിർല രംഗത്ത് എത്തി. ലോക്‌സഭയിൽ ചോദ്യം ഉന്നയിക്കാൻ എത്തിയപ്പോൾ സഭാ നടപടികൾ പാലിക്കണമെന്ന് താൻ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സഭയിൽ അച്ഛനും മകളും, അമ്മയും മകളും, ഭാര്യയും ഭർത്താവും എല്ലാം അംഗങ്ങളാണ്. ഈ സാഹചര്യത്തിൽ സഭയുടെ 349 പ്രതിപക്ഷ നേതാവ് പാലിക്കും എന്നാണ് കരുതിയത് എന്നും ഓം ബിർല കൂട്ടിച്ചേർത്തു.
Discussion about this post