എറണാകുളം: വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ. തൃശ്ശൂർ പാളയംകോട് സ്വദേശിനി നിതയാണ് അറസ്റ്റിലായത്. ഭർത്താവിന്റെ ഫോട്ടോ ഉൾപ്പെടുത്തി മാട്രിമോണിയലിൽ വ്യാജ പ്രൊഫൈൽ തയ്യാറാക്കിയായിരുന്നു തട്ടിപ്പ്.
വേ ടു നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റ് വഴിയായിരുന്നു യുവതി തട്ടിപ്പ് നടത്തിയത്. കളമശ്ശേരി സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. നിതയുടെ ഭർത്താവ് അൻഷാദ് വിദേശത്ത് ആണ്. ഇയാളുടെ ഫോട്ടോയിൽ ഫഹദ് എന്ന പേര് ചേർത്ത് ആയിരുന്നു പ്രൊഫൈൽ. രണ്ടാം വിവാഹത്തിന് താത്പര്യമുള്ള യുവതികളെ ആയിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. രണ്ടാം വിവാഹത്തിന് താത്പര്യപ്പെട്ടിരുന്ന യുവതിയെ ഇവർ സമീപിക്കുകയായിരുന്നു.
താൻ വിവാഹ മോചിതൻ ആണെന്നും മകളെ വിവാഹം കഴിക്കാൻ താത്പര്യം ഉണ്ടെന്നും യുവതിയുടെ അമ്മയോട് അൻഷാദ് പറഞ്ഞു. ഇത് വിശ്വസിച്ച യുവതിയും അമ്മയും വിവാഹ ആലോചനയുമായി മുന്നോട്ട് പോകുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിതയാണ് ചെയ്തിരുന്നത്. നിതയെ സഹോദരി എന്നായിരുന്നു അൻഷാദ് പരിജയപ്പെടുത്തിയത്.
നിതയും മറ്റൊരാളും എത്തി യുവതിയുമായുളള നിക്കാഹ് നടത്തി. ഈ സമയം വിദേശത്ത് തന്നെയായിരുന്നു അൻഷാദ്. ബിസിനസ് തകർന്നതിനാൽ നാട്ടിലേക്ക് എത്താൻ കഴിയില്ലെന്നും പണം ആവശ്യമാണെന്നും നിത യുവതിയുടെ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത് പ്രകാരം യുവതി 19 ലക്ഷം രൂപ അൻഷാദിന്റെ അക്കൗണ്ടിലേക്ക് അയച്ചു. എന്നാൽ ഇതിനിടെ ഇയാൾ ഒന്നര മാസത്തെ അവധിയ്ക്കായി നാട്ടിൽ വന്ന് പോയി. ഇതോടെ സംശയം തോന്നിയ യുവതി മാട്രിമോണിയലിലെ മേൽവിലാസത്തിൽ അന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Discussion about this post