മുംബൈ: നടൻ മമ്മൂട്ടിയ്ക്ക് വേണ്ടി ശബരിമലയിൽ മോഹൻലാൽ വഴിപാട് കഴിച്ചതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഇടുങ്ങിയ മനോനിലയുള്ളവർക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സൗഹൃദം മനസിലാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം.
ഇന്ത്യയിൽ എല്ലാ മമ്മൂട്ടിമാർക്കും മോഹൻലാലിനെ പോലെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അതുപോലെ തന്നെ എല്ലാ മോഹൻലാലുമാർക്കും മമ്മൂട്ടിയെ പോലെ ഒരു സുഹൃത്തുണ്ടായിരിക്കണം. ഇരുവരും തമ്മിലുള്ളത് മഹത്തായ സൗഹൃദം ആണ്. അത് ഇടുങ്ങിയ നെഗറ്റീവ് ചിന്താഗതി ഉള്ളവർക്ക് മനസിലാക്കാൻ കഴിയില്ല. അത് സ്വാഭാവികം ആണ്. അത് ആര് ശ്രദ്ധിക്കുന്നു.- ജാവേദ് അക്തർ എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ആഴ്ചയായിരുന്നു ശബരിമലയിൽ ദർശനം നടത്തിയ മോഹൻലാൽ മമ്മൂട്ടിയ്ക്ക് വേണ്ടി വഴിപാട് കഴിച്ചത്. മമ്മൂട്ടിയ്ക്ക് അനാരോഗ്യം ഉള്ളതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനിടെ ആയിരുന്നു അദ്ദേഹം മമ്മൂട്ടിയ്ക്ക് വേണ്ടി വഴിപാട് കഴിച്ചത്. ഒപ്പം ഭാര്യ സുചിത്രയ്ക്ക് വേണ്ടിയും വഴിപാട് കഴിച്ചിരുന്നു.
സംഭവം വലിയ വാർത്തയാകുകയും ഇരുവരുടെയും സൗഹൃദത്തെ പുകഴ്ത്തിയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ വഴിപാട് നടത്തിയതിനെ വിമർശിച്ച് ഒ അബ്ദുള്ള രംഗത്ത് വരികയായിരുന്നു. മോഹൻലാൽ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ അറിവ് പ്രകാരം ആണെങ്കിൽ തൗബ ചൊല്ലണം എന്നായിരുന്നു ഒ അബ്ദുള്ളയുടെ പ്രതികരണം. ഇതിനെ പിന്തുണച്ച് സമസ്തയും രംഗത്ത് എത്തിയിരുന്നു.
Discussion about this post