ചെന്നൈ : വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ. വ്യാഴാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആണ് നിയമസഭയിൽ വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രമേയം അവതരിപ്പിച്ചത്. ബിൽ മുസ്ലീങ്ങളുടെ അവകാശങ്ങൾ നശിപ്പിക്കുന്നതാണെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനങ്ങളോട് പ്രതികാരം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രസർക്കാർ വഖഫ് ഭേദഗതി ബിൽ കൊണ്ടുവന്നിരിക്കുന്നത് എന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരായ പദ്ധതികളാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്. മുസ്ലീങ്ങളുടെ ക്ഷേമത്തെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും ചിന്തിക്കുന്നത് കൊണ്ടാണ് വഖഫ് ബില്ലിനെ എതിർത്ത് പ്രമേയം കൊണ്ടുവരുന്നത് എന്നും സ്റ്റാലിൻ വ്യക്തമാക്കി.
വഖഫ് ബിൽ ഭേദഗതി ചെയ്യാനുള്ള ശ്രമം വഖഫ് ബോർഡിന്റെ അധികാരത്തിന് തടസ്സമാകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രണ്ട് അമുസ്ലിംകൾ സംസ്ഥാന വഖഫിന്റെ ഭാഗമാകണമെന്ന ഭേദഗതി സർക്കാരിന് വഖഫ് സ്വത്തുക്കൾ കൈക്കലാക്കാനുള്ള മാർഗമാണെന്ന് മുസ്ലീങ്ങൾ ഭയപ്പെടുന്നുണ്ട്. മുസ്ലീം വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഈ തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടതാണ് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കുന്നത് എന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
Discussion about this post