സോൾ : ദക്ഷിണ കൊറിയയിൽ കാട്ടുതീ കനത്ത നാശംവിതച്ച് തുടരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇതുവരെയായി 27 പേർ ആണ് കാട്ടുതീയിൽ അകപ്പെട്ട് മരിച്ചത്. 37000 ആളുകൾക്ക് വീടുകൾ വിട്ട് പാലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ട്.
ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ മേഖലകളിലാണ് കാട്ടുതീ കനത്ത നാശം വിതച്ചിരിക്കുന്നത്. തീപിടുത്തം തുടർന്നതോടെ ഈ മേഖലകളിൽ ഗതാഗത തടസ്സം ഉണ്ടാവുകയും ആശയവിനിമയ മാർഗങ്ങൾ നശിക്കപ്പെടുകയും ചെയ്തു. 27 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ദക്ഷിണ കൊറിയയിലെ ആഭ്യന്തര, സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി.
1987 ൽ കൊറിയ ഫോറസ്റ്റ് സർവീസ് കാട്ടുതീ സംബന്ധിച്ച രേഖകൾ റെക്കോർഡ് ചെയ്യുന്നത് ആരംഭിച്ചതിനുശേഷം ഉണ്ടായ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതുവരെ 86,500 ഏക്കർ വനം കത്തിനശിച്ചതായി ദുരന്തനിവാരണ, സുരക്ഷാ വിഭാഗം അറിയിച്ചു. തീ അണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമനസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് അടക്കമുള്ളവരും മരിച്ചു. കാറ്റിന്റെ രീതിയിലുള്ള മാറ്റങ്ങളും വരണ്ട കാലാവസ്ഥയും പരമ്പരാഗത അഗ്നിശമന രീതികളുടെ പരിമിതികളും ആണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post