മുംബൈ: മഹാരാഷ്ട്രയിൽ ഊതുന്നതിനിടെ ബലൂൺ പൊട്ടി എട്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ദൂലെ സ്വദേശിനിയായ ഡിമ്പിൽ വാങ്കഡെ ആണ് കൊല്ലപ്പെട്ടത്. പൊട്ടിയ ബലൂണിന്റെ ഒരു ഭാഗം കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
ദുലെയിലെ യശ്വന്ത് നഗറിലാണ് സംഭവം. കളിക്കുന്നതിനായി കയ്യിലുള്ള ബലൂൺ വീർപ്പിക്കുകയായിരുന്നു ഡിമ്പിൾ. എന്നാൽ കാറ്റ് അമിതമായി നിറഞ്ഞതോടെ ബലൂൺ പൊട്ടി. ഇതിന് തൊട്ട് പിന്നാലെ പെൺകുട്ടിയ്ക്ക് ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു.
ബഹളം കേട്ട് രക്ഷിതാക്കൾ വന്ന് നോക്കിയപ്പോൾ കുട്ടി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് ആണ് കണ്ടത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയെ വിശദമായി പരിശോധിച്ചപ്പോഴാണ് തൊണ്ടയിൽ ബലൂണിന്റെ ഭാഗം കുടുങ്ങിയതായി കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Discussion about this post