ശ്രീനഗർ : കശ്മീരിലെ ജനങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ്. ഒരുകാലത്ത് സ്വപ്നം മാത്രമായി അവശേഷിച്ചിരുന്ന ഒരു വലിയ സമ്മാനമാണ് വരുന്ന ഏപ്രിൽ 19ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിലെ ജനങ്ങൾക്ക് സമ്മാനിക്കാൻ ഒരുങ്ങുന്നത്. ജമ്മുകശ്മീരിനെ രാജ്യത്തെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലിങ്ക് ആണ് കശ്മീരി ജനത വർഷങ്ങളായി കാത്തിരുന്ന ഈ സമ്മാനം.
കശ്മീർ താഴ്‌വരയെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ
കത്ര-കശ്മീർ റെയിൽ ലിങ്ക് ഏപ്രിൽ 19ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ആദ്യ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നതായിരിക്കും. പ്രത്യേക വന്ദേ ഭാരത് ട്രെയിനായിരിക്കും ഇതെന്നാണ് സൂചന.
ആദ്യഘട്ടത്തിൽ വടക്കൻ കശ്മീരിലെ കത്രയ്ക്കും ബാരാമുള്ളയ്ക്കും ഇടയിലാണ് ട്രെയിൻ സർവീസ് നടത്തുക. വിവിധ സ്ഥലങ്ങളിൽ നിന്ന് കശ്മീർ താഴ്‌വരയിലേക്ക് വരുന്ന യാത്രക്കാർ കത്രയിൽ ട്രെയിനുകൾ മാറിക്കയറേണ്ടിവരും. ജമ്മു റെയിൽവേ സ്റ്റേഷന്റെ വികസനം ഓഗസ്റ്റിൽ പൂർത്തിയായ ശേഷം കശ്മീരിലേക്കുള്ള ട്രെയിനുകൾ ജമ്മുവിൽ നിന്ന് പുറപ്പെടും. 272 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാതയാണ് കശ്മീരി ജനതയ്ക്കായി കേന്ദ്രസർക്കാർ നിർമ്മിച്ചു നൽകിയിരിക്കുന്നത്.
ജമ്മുകശ്മീരിന്റെ ടൂറിസത്തെയും സമ്പദ് വ്യവസ്ഥയെയും കൂടുതൽ ഉന്നതിയിൽ എത്തിക്കാൻ പുതിയ റെയിൽവേ പാത വഴി കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാശ്മീരിൽ ഉദ്ഘാടന ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനു പുറമേ പ്രധാനമന്ത്രി മോദി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽ പാലം സന്ദർശിക്കുകയും ചെയ്യുന്നതാണ്. അതേ ദിവസം തന്നെ കത്രയിൽ ഒരു പൊതു റാലിയെയും അദ്ദേഹം അഭിസംബോധന ചെയ്യും.
Discussion about this post