ന്യൂഡൽഹി: കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്. അടുത്ത മാസം 19 ന് അദ്ദേഹം അമേരിക്ക സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്റെ രണ്ടാമത്തെ അമേരിക്കൻ സന്ദർശനമാണ് ഇത്.
എത്ര ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് രാഹുൽ അമേരിക്കയിലേക്ക് പോകുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. അമേരിക്കയിൽ എത്തുന്ന രാഹുൽ ബ്രൗൺ യൂണിവേഴ്‌സിറ്റി സന്ദർശിക്കും. ബോസ്റ്റണിൽ ഇന്ത്യൻ പ്രതിനിധികളുമായി രാഹുൽ സംവദിക്കും.
കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു രാഹുലിന്റെ അവസാന അമേരിക്കൻ സന്ദർശനം. മൂന്ന് ദിവസം അദ്ദേഹം അമേരിക്കയിൽ ഉണ്ടായിരുന്നു. സന്ദർശനത്തിനിടെ അദ്ദേഹം ഡാലസിൽ എത്തുകയും ഇവിടെവച്ച് ടെക്‌സസ് സർവ്വകലാശാലയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ ഇന്ത്യൻ പ്രതിനിധികളെയും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു.
ഡാലസിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം വാഷിംഗ്ടണിലേക്ക് ആയിരുന്നു രാഹുലിന്റെ യാത്ര. ജോർജ്ടൗൺ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും രാഹുൽ ഇവിടെ വച്ച് സംവദിച്ചിരുന്നു.
Discussion about this post