നയ്പിഡോ: മ്യാൻമറിൽ അതിശക്തമായ ഭൂചലനം. സാഗിംഗ് നഗരത്തിൽ ആയിരുന്നു സംഭവം. റിക്ടർ സ്‌കെയിലിൽ തീവ്രത 7.7 രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു ഉണ്ടായത്. സംഭവത്തിൽ ആളപായവും നാശനഷ്ടവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വെള്ളിയാഴ്ച ഉച്ചയോട് കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. സാഗിംഗിൽ നിന്നും 16 കിലോമീറ്റർ മാറി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന്റെ പ്രകമ്പനം തായ്‌ലന്റിന്റെ വടക്കൻ മേഖലകളിലും അനുഭവപ്പെട്ടു. ചൈനയിലെ യുന്നാൻ പ്രവിശ്യയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. യുന്നാനിൽ 7.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം ആണ് ഉണ്ടായത് എന്നാണ് അധികൃതർ നൽകുന്ന വിവരം.
പ്രകമ്പനത്തെ തുടർന്ന് ബാംങ്കോക്കിൽ ട്രെയിൻ- മെട്രോ ഗതാഗതം താത്കാലികമായി നിർത്തിവച്ചു. യുന്നാൻ പ്രവിശ്യയിലും അധികൃതർ സമാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ മ്യാൻമർ പ്രധാനമന്ത്രി പേതോങ്ടാർൺ ഷിനവത്ര അടിയന്തിര യോഗം വിളിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചത്. അതിശക്തമായ പ്രകമ്പനത്തിൽ മ്യാൻമറിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.
Discussion about this post