ബാങ്കോക്ക് : മ്യാൻമറിലും തായ്‌ലന്റിലും ആയി ഇന്ന് ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 155 കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മ്യാൻമറിൽ 145 പേരും തായ്‌ലൻഡിൽ 10 പേരും ആണ് മരിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളിലും ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുള്ളതായും റിപ്പോർട്ടുകൾ ഉണ്ട്.
മ്യാൻമറിലെ മണ്ഡലയ്ക്ക് സമീപമാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം . ഏതാനും മിനിറ്റിനുള്ളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായി . 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ തകരുകയും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
മ്യാൻമറിൽ ഭൂകമ്പത്തെ തുടർന്ന് പരിക്കേറ്റ 700 ലേറെ പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തലസ്ഥാനമായ നയ്പിഡാവ് ഉൾപ്പെടെ ആറ് പ്രദേശങ്ങളിൽ മ്യാന്മർ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിയുന്നത്ര വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സാധിക്കുന്ന എല്ലാ രാജ്യങ്ങളും തങ്ങളെ സഹായിക്കണമെന്ന് മ്യാൻമർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂകമ്പത്തിനു ശേഷമുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഉറപ്പുനൽകിയതായും തായ്‌ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. മ്യാൻമറിൽ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം ധാക്ക, ചിറ്റഗോംഗ് എന്നിവയുൾപ്പെടെ ബംഗ്ലാദേശിന്റെ പല പ്രദേശങ്ങളിലും അനുഭവപ്പെട്ടു. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലും വെള്ളിയാഴ്ച ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. എന്നാൽ ഈ പ്രദേശങ്ങളിൽ ഇതുവരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post