സാധാരണക്കാർക്ക് ഏപ്രിൽ മുതൽ ആശ്വാസം. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നികുതിമാറ്റങ്ങൾ ഏപ്രിൽ 1-ന് നിലവിൽ വരും. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകർ 12 ലക്ഷം രൂപ വരെയാണ് വരുമാനമെങ്കിൽ നികുതി അടയ്‌ക്കേണ്ടതില്ല എന്നത് ആശ്വാസമാകും. ഫെബ്രുവരിയിൽ ആർബിഐ റിപ്പോ നിരക്ക് 0.25 % കുറച്ചിരുന്നു. ഇതനുസരിച്ച് ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ബാങ്കുകൾ കുറച്ചത് വായ്പയെടുത്തവരുടെ തിരിച്ചടവ് തുക കുറയ്ക്കാനിടയുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ആർബിഐ റിസർച്ച് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വാടക, നിക്ഷേപം തുടങ്ങിയ ഇടപാടുകൾക്കുളള ടിഡിഎസ് പരിധികളും ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. സാധാരണ പൗരന്മാർക്ക് 50,000 രൂപ പലിശ വരുമാനത്തിലും മുതിർന്ന പൗരന്മാർക്ക് 1 ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങൾക്കും ടിഡിഎസ് പിടിക്കില്ല. നേരത്തെ ഈ പരിധികൾ സാധാരണ പൗരന്മാർക്ക് നാൽപ്പതിനായിരവും മുതിർന്ന പൗരന്മാർക്ക് അമ്പതിനായിരവും ആയിരുന്നു. പലിശ വരുമാനം ആശ്രയിച്ച് ജീവിക്കുന്നവർക്കും ഏപ്രിൽ മുതൽ നേട്ടമുണ്ടാകും. 2025-26 സാമ്പത്തിക വർഷം മുതൽ സ്ഥിരനിക്ഷേപങ്ങളിൽ നിന്നും 12 ലക്ഷം രൂപ വരെയുളള വരുമാനം നികുതി രഹിതമായിരിക്കും. മറ്റ് സ്രോതസുകളിൽ നിന്നുളള വരുമാനം അതിൽ ഉണ്ടാകരുതെന്ന നിബന്ധനയുണ്ട്.
ഏപ്രിൽ 1 മുതൽ നികുതിദായകന് രണ്ട് വീടുകളിൽ താമസിക്കുന്നതായി അവകാശപ്പെടാം. അതിന് യാതൊരു നികുതിയും നൽകേണ്ടതില്ല എന്ന സാമ്പത്തിക മെച്ചവുമുണ്ട്. ഒരു വ്യക്തിക്ക് മൂന്ന് വീടുകൾ സ്വന്തമായുണ്ടെങ്കിൽ അതിൽ രണ്ട് വീടുകളിൽ താമസിക്കുന്നതായി അവകാശപ്പെടാം. മൂന്നാമത്തെ വീടിന് ലഭിക്കുന്ന വരുമാനത്തിന്റെ നികുതി മാത്രമേ അടയ്‌ക്കേണ്ടതുളളു. വാടക വരുമാനത്തിനുളള ആദായനികുതിയും സ്രോതസിൽ തന്നെ നികുതി കിഴിവ് ചെയ്യുന്നതിനുളള പരിധിയും നിലവിലുളള 2.40 ലക്ഷം രൂപയിൽ നിന്ന് 6 ലക്ഷം രൂപയാക്കി ഉയർത്തിയത് വീട്ടുടമസ്ഥർക്ക് ആശ്വാസമാകും.
Discussion about this post