ന്യൂഡൽഹി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി. വധശിക്ഷ നടപ്പിലാക്കാൻ ജയിൽ അധികൃതർക്ക് ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് യെമനിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിൽ അധികൃതർക്ക് ലഭിച്ചതായി വ്യക്തമാക്കി ആക്ഷൻ കൗൺസിലിന് നിമിഷ പ്രിയ ശബ്ദസന്ദേശം അയച്ചിരുന്നു. ഇത് വാർത്തയായതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഇന്ത്യൻ എംബസി രംഗത്ത് എത്തിയിരിക്കുന്നത്.
വനിതാ അഭിഭാഷകയാണ് ജയിൽ അധികൃതർക്ക് ഉത്തരവ് ലഭിച്ചതായി തന്നെ അറിയിച്ചത് എന്നാണ് നിമിഷ പ്രിയ പറയുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നടപടികൾ എവിടം വരെ ആയി എന്ന് വിളിച്ച അഭിഭാഷക ചോദിച്ചിരുന്നു. നടപടികൾ പുരോഗമിക്കുകയാണെന്ന് പറഞ്ഞപ്പോൾ ജയിൽ അധികൃതർക്ക് വധശിക്ഷ നടപ്പിലാക്കാൻ ഉത്തരവ് ലഭിച്ചുവെന്നായിരുന്നു അവർ പ്രതികരിച്ചത് എന്നും നിമിഷ പ്രിയ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.
ഉത്തരവ് ലഭിച്ചിട്ടുണ്ടെങ്കിൽ വധശിക്ഷ റംസാൻ അവധിയ്ക്ക് ശേഷം നടപ്പിലാക്കും. ഇവിടെ എല്ലാവും എന്നോട് വലിയ ദു:ഖത്തോടെയാണ് പെരുമാറുന്നത് എന്നും നിമിഷ പ്രിയ പറയുന്നുണ്ട്. ഇന്ന് ഉച്ചയോടെ ആയിരുന്നു നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന് ശബ്ദസന്ദേശം അയച്ചത്.
2017 ൽ ആയിരുന്നു നിമിഷ പ്രിയയെ യെമൻ പോലീസ് അറസ്റ്റ് ചെയ്തത്. സ്വദേശിയായ തലൽ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. വിചാരണയ്‌ക്കൊടുവിൽ 2020 ൽ ആയിരുന്നു നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്.
Discussion about this post