മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ നിന്നും രക്ഷപ്പെട്ട വിവരം പങ്കുവച്ച് നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ. മരണത്തെ മുഖാമുഖം കണ്ട നിമിഷം .. എങ്ങനെ പറയണം എന്ന് അറിയില്ല… താൻ സുരക്ഷിതയാണെന്നും പാർവതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മ്യാൻമറിൽ നിന്നും തിരിച്ചു വന്ന ശേഷമാണ് പാർവതി പോസ്റ്റ് ഇട്ടത്.
പാർവതിയുടെ വാക്കുകൾ ;
ഇത് എഴുതുമ്പോഴും ഞാൻ വിറക്കുകയാണ്. പക്ഷെ ജീവിച്ചിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇന്ന് ബാങ്കോക്കിൽ വച്ച് എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും ഭയാനകമായ ഭൂകമ്പത്തിന് ഞാൻ നേരിട്ടു സാക്ഷിയായി. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അവിടെയുള്ള എല്ലാം പിടിച്ചുലച്ചു. കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവന് വേണ്ടി ഓടുന്നതും ഞാൻ കണ്ടു. എല്ലായിടത്തും ഒരുതരം അരക്ഷിതാവസ്ഥയായിരുന്നു. ടാക്‌സികൾ ഇല്ല, ഗതാഗതമില്ല, ഒന്നുമില്ല. എല്ലാവരും ആകെ പരിഭ്രാന്തിയിയിൽ ആയിരുന്നു.
ആ നിമിഷം ആദ്യം ഞാൻ ചിന്തിച്ചത് എന്റെ പ്രിയപ്പെട്ടവരെ കുറിച്ചായിരുന്നു. പെട്ടെന്ന് എന്റെ കുടുംബാംഗങ്ങളെ വിളിച്ച് അവരോട് സംസാരിച്ചു. അവരോട് അവസാനമായി സംസാരിക്കുന്നത് പോലെ എനിക്ക് തോന്നി. അവരോട് സംസാരിച്ച ആ നിമിഷങ്ങൾ ആശ്വാസത്തിന്റെയും നന്ദിയുടെയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോഴും ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഇതെന്റെ ജീവിതത്തിൽ രണ്ടാമത് ലഭിച്ച അവസരമാണ്.
ഭൂകമ്പം ബാധിച്ച എല്ലാവരെയും ഞാൻ ഇപ്പോൾ ഓർക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ നമുക്കെല്ലാവർക്കും ശക്തിയും ധൈര്യവും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. അവസാന നിമിഷം ഫ്‌ലൈറ്റ് ബുക്കിങ്ങിനും മറ്റും സഹായിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് തിരിച്ചു വരാൻ കഴിയുമായിരുന്നില്ല. എപ്പോഴും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും.
അതേസമയം, മ്യാൻമർ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1000 ന് മുകളിലായി. 1670 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാൻമറിലും അയൽ രാജ്യമായ തായ്ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്.
Discussion about this post