ന്യൂഡൽഹി : ഭൂകമ്പം ദുരിതം വിതച്ച മ്യാൻമറിലേക്ക് ഫീൽഡ് ആശുപത്രി എയർലിഫ്റ്റ് ചെയ്ത് ഇന്ത്യ. രണ്ട് നാവികസേന കപ്പലുകളും ഇന്ത്യ മ്യാൻമറിലേക്ക് അയച്ചിട്ടുണ്ട്. നേരത്തെ ദുരന്തനിവാരണത്തിനുള്ള ഉപകരണങ്ങളും 80 പേരടങ്ങുന്ന ദേശീയ ദുരന്തനിവാരണ സംഘത്തെയും ഇന്ത്യ മ്യാൻമറിലേക്ക് അയച്ചിരുന്നു.
വെള്ളിയാഴ്ച മ്യാൻമറിൽ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നുള്ള ദുരന്തനിവാരണത്തിനായി ഇന്ത്യയുടെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മറിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മ്യാൻമറിലെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി സംസാരിച്ചതായും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ദുരന്ത മേഖലയിൽ അടിയന്തര മാനുഷിക സഹായം നൽകുന്നതിനായി ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ ബ്രഹ്മ’ ആരംഭിച്ചു.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 2000 ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇനിയും രക്ഷിക്കാൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ മരണസംഖ്യയും പരിക്കേറ്റവരുടെ സംഖ്യയും വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും കണക്കാക്കപ്പെടുന്നു.
തുടർച്ചയായി ഉണ്ടാകുന്ന ഭൂകമ്പങ്ങളാണ് മ്യാൻമറിൽ വലിയ ദുരന്തത്തിന് കാരണമായത്. മാർച്ച് 28 ന് മ്യാൻമറിൽ തുടർച്ചയായി ആറ് ഭൂകമ്പങ്ങൾ ഉണ്ടായി. ഇന്നും ഭൂകമ്പങ്ങൾ തുടരുകയാണ്. ഇന്നലെ മുതൽ ഇന്നുവരെ മ്യാൻമറിൽ ആകെ 16 ഭൂകമ്പങ്ങൾ ആണ് ഉണ്ടായത്. ഭൂകമ്പബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഇന്ത്യ 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് അയച്ചിട്ടുണ്ട്.
Discussion about this post