നയ്പിഡോ: മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിന് 300 അണുബോംബുകൾ പൊട്ടിത്തെറിക്കുന്നതിന്റെയത്ര ശക്തിയുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ഭൂചലനത്തെക്കുറിച്ച് പഠിച്ച ജിയോളജിസ്റ്റ് ജെസ് ഫീനിക്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്തുവിട്ടത്. ഇനിയും മേഖലയിൽ തുടർ ഭൂചലനങ്ങൾ ഉണ്ടാകുമെന്നും ഫീനിക്‌സ് വ്യക്തമാക്കി.
ഏകദേശം 334 അണു ബോംബുകൾ പുറപ്പെടുവിക്കുന്ന ഊർജ്ജത്തിന് തുല്യമായിരുന്നു ഭൂകമ്പത്തിന് പിന്നാലെ പുറത്തുവന്ന ഊർജ്ജം . ഇന്ത്യൻ ടെക്‌റ്റോണിക് പ്ലേറ്റ് മ്യാൻമറിന് താഴെയുള്ള യുറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിക്കുന്നത് തുടരുകയാണ്. അതിനാൽ മാസങ്ങളോളം തുടർചലനങ്ങൾ ഉണ്ടാകും.
ആഭ്യന്തര യുദ്ധം തുടരുന്ന മ്യാൻമറിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകും. ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടത്. ഭൂകമ്പത്തിന്റെ പൂർണ്ണമായ ആഘാതം പുറം ലോകത്ത് എത്തുന്നതിന് തടസ്സമായി എന്നും ഫീനിക്‌സ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ചയായിരുന്നു മ്യാൻമറിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ തീവ്രത 7.7യായിരുന്നു രേഖപ്പെടുത്തിയത്.
മ്യാൻമറിലെ മണ്ടാലെ നഗരത്തിൽ 10 കിലോ മീറ്റർ ആഴത്തിൽ ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇതുവരെ 1600 ലധികം പേർക്ക് ഭൂചലനത്തിൽ ജീവൻ നഷ്ടമായി.
Discussion about this post