ന്യൂഡൽഹി : നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കും കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയും വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് എംപിമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എല്ലാ എംപിമാരും രാഷ്ട്രീയ പാർട്ടികളും വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) കത്ത് നൽകിയിട്ടുള്ളതായി കേന്ദ്രമന്ത്രി കിരൺ റിജിജു വെളിപ്പെടുത്തി.
മുനമ്പത്ത് 600 കുടുംബങ്ങൾ നേരിടുന്ന കുടിയിറക്കൽ ഭീഷണിക്ക് പരിഹാരമാകാൻ വഖഫ് ഭേദഗതി ബില്ലിന് മാത്രമേ കഴിയൂ എന്ന് സി.ബി.സി.ഐ വ്യക്തമാക്കുന്നു. ജനപ്രതിനിധികൾ നിയമനിർമ്മാണത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും സി.ബി.സി.ഐ വ്യക്തമാക്കി. രാഷ്ട്രീയപാർട്ടികളുടെയും എംപിമാരുടെയും പിന്തുണ തേടിക്കൊണ്ട് സി.ബി.സി.ഐ നൽകിയ കത്ത് കേന്ദ്രമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുകയും അവ പരിഹരിക്കുകയും ചെയ്യേണ്ടത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കടമയാണെന്ന് കിരൺ റിജിജു അഭിപ്രായപ്പെട്ടു. വഖഫ് ഭേദഗതി നിയമം ഒരു സമൂഹത്തിനും എതിരല്ല. ഓരോ ഇന്ത്യൻ പൗരന്റെയും അവകാശങ്ങളെ സംരക്ഷിക്കാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Discussion about this post