ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ ബുധനാഴ്ചയാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. എന്നാൽ ബിൽ ചർച്ചയാകുമ്പോൾ സിപിഎം എംപിമാർ പാർലമെന്റിൽ ഉണ്ടായിരിക്കില്ല. അടുത്ത നാല് ദിവസത്തേക്ക് സിപിഎം എംപിമാർ അവധി ആയിരിക്കുമെന്ന് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. സിപിഎം അംഗങ്ങൾക്ക് ലോക്സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് ആലത്തൂർ എംപിയായ കെ രാധാകൃഷ്ണൻ ആണ് സ്പീക്കർ ഓം ബിർള യ്ക്ക് കത്ത് നൽകിയിരിക്കുന്നത്.
മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അവധിയെടുക്കുന്നത് എന്നാണ് സിപിഎം എംപിമാർ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. കെ.രാധാകൃഷ്ണന്‍, അമ്ര റാം, എസ്.വെങ്കിടേശന്‍, ആര്‍.സച്ചിതാനന്ദം എന്നീ എംപിമാരാണ് ഏപ്രില്‍ നാലാം തീയതി വരെ അവധി എടുത്തിരിക്കുന്നത്.
വഖഫ് ഭേദഗതി ബില്ലിനെ തങ്ങൾ എതിർക്കുന്നുണ്ടെന്ന് സഭയിൽ അറിയിക്കണമെന്നും സിപിഎം എംപിമാർ ലോക്സഭാ സ്പീക്കർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് നേരത്തെ കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ഉൾപ്പെടെയുള്ള ചില ക്രിസ്ത്യൻ സംഘടനകൾ കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ സിപിഐഎം പ്രതികരിച്ചിട്ടില്ലെങ്കിലും പാർട്ടി കോൺഗ്രസ് ഉള്ളതിനാൽ ബിൽ ചർച്ചയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് അറിയിക്കുന്നത്.
Discussion about this post