ആലപ്പുഴ : കായംകുളത്ത് ക്ഷേത്രത്തിലെ ഉത്സവം കാണാൻ എത്തിയ യുവതിയുടെ വസ്ത്രം വലിച്ചുകീറിയ സംഭവത്തിൽ പ്രതി പിടിയിൽ. കായംകുളം പുതുപ്പള്ളി വടക്ക് മുറിയിൽ ദേവികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ഷാജി ഭവനത്തിൽ ഷാജി (56) ആണ് അറസ്റ്റിലായത്. ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവം കാണുന്നതിനായി കുടുംബത്തിനോടൊപ്പം പോയിരുന്ന 21 വയസ്സുകാരിയെ ആണ് ഇയാൾ പൊതുജന മധ്യത്തിൽ വച്ച് അപമാനിച്ചത്.
ഉത്സവം കണ്ടു മടങ്ങുന്നതിനിടെ യുവതിയെ തടഞ്ഞുനിർത്തിയ പ്രതി യുവതി ധരിച്ചിരുന്ന ചുരിദാർ വലിച്ചുകീറുകയായിരുന്നു. യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യം മൂലമാണ് ഈ ക്രൂരകൃത്യം നടത്തിയത് എന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കൂടിനിന്നിരുന്ന ജനക്കൂട്ടം ആണ് പ്രതിയെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ചത്. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Discussion about this post