ന്യൂഡൽഹി : കാലാവസ്ഥ പ്രവചനത്തിൽ വമ്പൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. ഇന്ത്യൻ ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഇന്ത്യയിൽ ഇടിമിന്നൽ ഉണ്ടാകുന്നത് മുൻകൂട്ടി പ്രവചിക്കാൻ ഇനി ഐഎസ്ആർഒയ്ക്ക് കഴിയും. ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ആണ് കാലാവസ്ഥ പ്രവചന രംഗത്തെ ഈ നാഴികക്കല്ല് കൈവരിച്ചത്.
ട്രോപ്പോസ്ഫിയറിലെ സംവഹന പ്രക്രിയകളുടെ സ്വാധീനത്തിൽ കാലാവസ്ഥാ പാരാമീറ്ററുകളുടെ സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങൾ മൂലമാണ് ഇടിമിന്നൽ സംഭവിക്കുന്നത് എന്ന് ഐഎസ്ആർഒ വിശദീകരിച്ചു. ഉപരിതല വികിരണം, താപനില, കാറ്റ് എന്നിവയാണ് ഈ സംവഹന പ്രതിഭാസങ്ങൾക്ക് കാരണമാകുന്നത്. കര ഉപരിതല താപനില, കാറ്റ് എന്നിവയുൾപ്പെടെയുള്ള അധിക പാരാമീറ്ററുകൾ ഒരു സംയുക്ത വേരിയബിളിൽ ഉൾപ്പെടുത്തിക്കൊണ്ട് ഇടിമിന്നൽ സംഭവങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവചിക്കാൻ കഴിയും എന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.
ഇൻസാറ്റ്-3D ഉപഗ്രഹത്തിൽ നിന്ന് ശേഖരിച്ച ഔട്ട്‌ഗോയിംഗ് ലോംഗ്‌വേവ് റേഡിയേഷൻ ഡാറ്റ വഴി ആണ് ഐഎസ്ആർഒ ഇടിമിന്നൽ പ്രവചനങ്ങൾ നടത്തുക. മിന്നൽ പ്രവർത്തനം എപ്പോൾ ഉയരുകയോ കുറയുകയോ ചെയ്യുമെന്നതിന്റെ വിശ്വസനീയമായ സൂചന ഇത് നൽകുന്നു. ഈ കോമ്പോസിറ്റ് വേരിയബിൾ വഴി ഏകദേശം 2.5 മണിക്കൂർ ലീഡ് സമയത്തോടെ മിന്നൽ സംഭവങ്ങളുടെ പ്രവചനം നടത്താൻ കഴിയുമെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.
Discussion about this post