കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞതിന് ഗായകൻ എംജി ശ്രീകുമാറിന് 25,000 രൂപയുടെ പിഴ നോട്ടീസ്. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വീഴുന്നത് വിനോദസഞ്ചാരി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിൽ പതിയുകയായിരുന്നു. നാലു ദിവസം മുൻപ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്‌സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി.
തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. വീഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് നൽകിയത്. തുടർന്നു ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കി. ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്ന് വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.












