രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് അഭിപ്രായപ്പെട്ട അമീര്‍ഖാന് പിന്തുണയുമായി ബോളിവുഡ് നടി കരീന കപൂര്‍. അമീര്‍ ഖാന്‍ എന്തെങ്കിലും കാര്യം തെറ്റായി പറഞ്ഞു എന്ന് ഞാന്‍ കരുതുന്നില്ലെന്ന് കരീന വ്യക്തമാക്കി.
അദ്ദേഹം അദ്ദേഹത്തിന്റെ ഭയത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത്. അതും അദ്ദേഹവും ഭാര്യയും തമ്മിലുള്ള സംഭാഷണത്തെ ഉദ്ധരിച്ച് പറഞ്ഞതാണ്. എന്തെങ്കിലും തകര്‍ത്തക്കണം എന്ന ഉദ്ദേശത്തോടെയുള്ള അഭിപ്രായപ്രകടനമായിരുന്നു അതെന്നും ഞാന്‍ കരുതുന്നില്ല.
ഇന്ത്യയില്‍ നിരവധി ശബ്ദങ്ങള്‍ അസഹിഷ്ണുതാ വിവാദത്തില്‍ ഉയരുന്നുണ്ട്. ഏത് വിഷയങ്ങളിലും ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും. എല്ലാവരും തങ്ങള്‍ക്ക് പറയാനുള്ളത് മറ്റുള്ളവര്‍ കേള്‍ക്കണം എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. തങ്ങള്‍ക്ക് പറയാനുള്ളത് ട്വിറ്ററിലും ഫേസ്ബുക്കിലും അവര്‍ കുറിക്കും. എന്നാല്‍ ഇതൊന്നും സര്‍ക്കാരിന്റെയോ ഒരു സമൂഹത്തിന്റെയോ മാനസികാവസ്ഥയെ മാറ്റിമറക്കില്ലെന്നും കരീന ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നു എന്ന് അമീര്‍ പറഞ്ഞെന്ന് കാണിച്ച് നിരവധി പേര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. യഥാര്‍ത്ഥത്തില്‍ ഇത് അത്ര പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണോ? ഞാന്‍ ജീവിക്കുന്നത് ഒരു കുമിളയ്ക്കകത്തല്ല. എനിക്കും ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുന്ന ഒരാളാണ് ഞാന്‍.
രാവിലെ നമുക്ക് കിട്ടുന്ന പത്രങ്ങളിലെ വാര്‍ത്തകള്‍ എല്ലാം ഗോസിപ്പുകള്‍ അല്ല. അത് യഥാര്‍ത്ഥ വാര്‍ത്തകളാണ്. ഇന്ത്യയിലും ലോകത്തെമ്പാടും നടക്കുന്ന വിഷയങ്ങള്‍ പത്രങ്ങളിലൂടെ തന്നെയാണ് ഞാന്‍ അറിയുന്നതെന്നും അവര്‍ പറഞ്ഞു.
Discussion about this post