ന്യൂഡൽഹി; പശ്ചിമബംഗാളിലെ 25,000 ത്തിലധികം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനം റദ്ദാക്കി സുപ്രീംകോടതി. നേരത്തേ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവാണ് ഇന്ന് സുപ്രീം കോടതി ശരിവച്ചത്. ബംഗാൾ സ്‌കൂൾ സർവീസസ് കമ്മിഷൻ നിയമന കുംഭകോണത്തിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. പശ്ചിമബംഗാളിലെ മമതസർക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ് സുപ്രീംകോടതി വിധി.
ഉദ്യോഗാർത്ഥികളുടെ സേവനങ്ങളും നിയമനവും അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടാൻ ഞങ്ങൾക്ക് ഒരു കാരണവും കണ്ടെത്താനായില്ല. അവരുടെ നിയമനം വഞ്ചനയിലൂടെ ആയതിനാൽ, ഇത് വഞ്ചനയ്ക്ക് തുല്യമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ശൂന്യമായ ഒഎംആർ ഷീറ്റുകൾ സമർപ്പിച്ച് നിയമവിരുദ്ധമായി ഇവർ നിയമിക്കപ്പെട്ടു എന്നാണ് ആരോപണം. ഒഎംആർ ഷീറ്റിൽ കൃത്രിമം കാണിക്കൽ, റാങ്ക് കൃത്രിമത്വം തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ളതും സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെയും 25,753 അദ്ധ്യാപകരുടെയും അനദ്ധ്യാപക ജീവനക്കാരുടെയും നിയമനങ്ങൾ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നത്.
അദ്ധ്യാപക നിയമന കേസിൽ മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി ഉൾപ്പെടെ നിരവധി തൃണമൂൽ നേതാക്കളും മുൻ ഉദ്യോഗസ്ഥരും ജയിലിലാണ്.
Discussion about this post