അതിഥികളെ സ്വീകരിക്കുന്നതും സൽക്കരിക്കുന്നതും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണല്ലേ. അതിഥി ദേവോ ഭവ എന്നാണ് നമ്മൾ പിന്തുടരുന്ന നയം പോലും. ഇതാ ദൂരെ ഒരു ഗ്രാമത്തിലെ ആളുകളും കുറച്ച് അതിഥികളെ കാത്തിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 75,000 ത്തിലധികം അതിഥികളാണ് എത്തുന്നത്. എന്തെങ്കിലും ഉത്സവമോ മറ്റോ കൂടാനാണ് ഇവരെത്തുന്നതെങ്കിൽ തെറ്റി. അതിഥികളായി എത്തുന്നത് മനുഷ്യൻമാരല്ല,പാമ്പുകളാണ്.
കാനഡയിലെ മാനിറ്റോബയിലെ നാർസിസ് എന്ന ഗ്രാമീണ പട്ടണത്തിലാണ് സംഭവം. അസാധാരണമായ ഒരു ദേശാടനത്തിനായി വർഷം തോറും 75,000 -ത്തിലധികം പാമ്പുകൾ ഈ സ്ഥലത്തേക്ക് സ്വയം എത്തിച്ചേരുന്നതാണ് ഈ അത്ഭുത പ്രതിഭാസം. ചില സന്ദർഭങ്ങളിൽ പാമ്പുകളുടെ എണ്ണം 1,50,000 വരെ എത്താറുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ശൈത്യകാലം കഴിഞ്ഞ് മാളങ്ങളിൽ നിന്ന് പുറത്ത് വരുന്ന ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളാണ് എല്ലാ വസന്ത കാലത്തും ഈ ഒത്തുചേരൽ നടത്തുന്നത്.
കാനഡയിലെ തണുത്ത ശൈത്യകാലത്ത് മഞ്ഞ് വീഴ്ചയിൽ നിന്നും രക്ഷപ്പെടാൻ പാമ്പുകൾ ഭൂഗർഭ മാളങ്ങളിൽ അഭയം തേടും. തുടർന്ന് വസന്തകാലത്ത് ആൺ പാമ്പുകൾ ഇണയെ തേടി ആദ്യം മാളങ്ങളിൽ നിന്ന് പുറത്തിറങ്ങും. പിന്നാലെ പെൺ പാമ്പുകളും.
ചൂടുതേടിയെത്തുന്ന പാമ്പുകൾ ഒത്തുകൂടുന്നതും ഇണചേരുന്നതും കാണാൻ നിരവധി സഞ്ചാരികളാണ് നാർസിസ് ഗ്രാമത്തിൽ എത്തിച്ചേരുന്നത്. കൗതുകകരമായ പ്രതിഭാസത്തെ അടുത്തുനിന്ന് കാണാനാകും എന്നതാണ് കൂടുതൽപ്പേരെയും ആകർഷിക്കുന്നത്. ഇണകൾക്കുവേണ്ടി പാമ്പുകൾ തമ്മിൽ യുദ്ധമുണ്ടാകാറുണ്ടെങ്കിലും ഇവ കാഴ്ചക്കാരെ ആക്രമിക്കാറില്ലത്രേ
ഇത്തരത്തിൽ ഇണ ചേരലിനായി എത്തിച്ചേരുന്ന നൂറുകണക്കിന് പാമ്പുകളാണ് ഓരോ വർഷവും നാർസിസ് സ്‌നേക്ക് ഡെൻസിന് സമീപത്തെ ഹൈവേ 17 അടക്കമുള്ള റോഡുകൾ മുറിച്ച് കിടക്കുമ്പോൾ വാഹനങ്ങൾ കയറി കൊല്ലപ്പെട്ടിരുന്നത്
Discussion about this post