ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ വെച്ചായിരുന്നു കുടിക്കാഴ്ച. രാഷ്ട്രീയപരമല്ല കൂടിക്കാഴ്ചയെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശനുമായി വർഷങ്ങൾ നീണ്ട പരിചയമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. കൂടാതെ ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, എസ് സുരേഷ്, വെള്ളിയാകുളം പരമേശ്വരൻ എന്നിവരും രാജീവ് ചന്ദ്രശേഖറിനോടൊപ്പം വെള്ളാപ്പള്ളിയുടെ വസതിയിൽ എത്തിയിരുന്നു. രാജീവ് ചന്ദ്രശേഖർ കാണാൻ എത്തിയതിൽ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
ബിജെപിയിൽ എല്ലാവരെയും സമന്വയിപ്പിച്ച് കൊണ്ട് പോകാൻ കഴിവുള്ള ഒരു കച്ചവടക്കാരനായ രാഷ്ട്രീയക്കാരനാണ് രാജീവ് ചന്ദ്രശേഖർ എന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്. വെള്ളാപ്പള്ളി നടേശനുമായി 12 വർഷത്തെ പരിചയം ഉണ്ടെന്നും വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമാണ് നടന്നത് എന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
Discussion about this post